Listen live radio

അറവു ജോലി ചെയ്ത പരിചയത്തിൽ മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ തള്ളി: തെളിവായത് കത്തിയും ചാക്കും

after post image
0

- Advertisement -

 

 

കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാൻ വാടക കൊലയാളിയുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ സംഭവമാണ് വീണ്ടും കേരളത്തിൽ ചർച്ചയാകുന്നത്. കോഴിക്കോട് മണാശ്ശേരിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ അമ്മയെ കൊലപ്പെടുത്തിയത് പുറത്തറിയാതിരിക്കാൻ മകൻ വാടകക്കൊലയാളിയെ കൊലപ്പെടുത്തിയത് ഒറ്റയ്‌ക്കെന്ന് സൂചന. സ്വത്ത് തട്ടിയെടുക്കാനായി വാടകക്കൊലയാളി ഇസ്മായിലിന്റെ സഹായത്തോടെ പ്രതി ബിർജു തന്റെ അമ്മ ജയവല്ലിയെ ആദ്യം കൊലപ്പെടുത്തി. ഈ വിവരം പുറത്താവാതിരിക്കാൻ ഇസ്മായിലിനെയും വകവരുത്തുകയായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇസ്മായിൽ വധത്തിൽ പ്രതിയ്ക്ക് മറ്റാരുടെയും സഹായം കിട്ടിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ സംഘം അടുത്ത ദിവസം ഐജിക്കു കൈമാറും.

2016 മാർച്ച് 15നാണ് 70 കാരിയായ ജയവല്ലിയെ കൊലപ്പെടുത്തുന്നത്. അമ്മയുടെ കൊലപാതകത്തിൽ സഹായിച്ചതിനു 2 ലക്ഷം രൂപ ഇസ്മായിലിനു ബിർജു വാഗ്ദാനം ചെയ്തിരുന്നു. പണം ചോദിച്ചു ഭീഷണിപ്പെടുത്തിയതോടെ ഇസ്മായിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തുവെന്നാണു കണ്ടെത്തൽ. 2017 ജൂൺ 18നാണ് ഈ കൊല നടന്നത്.

ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ച ബിർജു വീടും സ്ഥലവും വിറ്റു തമിഴ്‌നാട്ടിലേക്കു താമസം മാറിയിരുന്നു. ഇസ്മയിലിന്റെ ശരീരഭാഗങ്ങൾ പല ദിവസങ്ങളിലായി പലയിടത്തായി കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ഇസ്മായിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇസ്മായിലുമായി ബന്ധമുണ്ടായിരുന്നവരെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ബിർജുവിനെ പ്രതി പട്ടികയിൽ എത്തിച്ചത്.

കൊല്ലപ്പെടുന്നതിനു തലേന്നു 3 സുഹൃത്തുക്കളോടു ബിർജുവിനെ കാണാൻ പോവുകയാണെന്ന് ഇസ്മായിൽ പറഞ്ഞിരുന്നു. ഇവരാണ് കേസിലെ പ്രധാന സാക്ഷികൾ. മൃതദേഹം കഷണങ്ങളാക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കട്ടാങ്ങലിലെയും, മൃതദേഹ ഭാഗങ്ങൾ തള്ളാൻ ഉപയോഗിച്ച ചാക്ക് വാങ്ങിയ മുക്കത്തെയും കടയുടമകൾ ബിർജുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിർജു നേരത്തേ അറവു ജോലി ചെയ്തിരുന്നു. ഈ പരിചയം ഉപയോഗിച്ചാണ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയത്. തെർമോക്കോൾ മുറിക്കുന്ന കത്തിയാണ് ഉപയോഗിച്ചത്.

ഡിവൈഎസ്പി എം.ബിനോയ്, പി.കെ.സന്തോഷ് കുമാർ എന്നിവർ നേരത്തേ അന്വേഷിച്ച കേസ് ഡിവൈഎസ്പി ടി.സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണു പൂർത്തിയാക്കിയത്. ചുമത്തേണ്ട വകുപ്പുകൾ സംബന്ധിച്ച് ഐജിയുടെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കും.

Leave A Reply

Your email address will not be published.