Listen live radio

പ്രകൃതിയുടെ വിസ്മയ കാഴ്ചകൾ തീർത്ത് വി.ഡി.മോഹൻദാസിന്റെ ഫോട്ടോ പ്രദർശനം

after post image
0

- Advertisement -

 

മാനന്തവാടി: നാലരപ്പതിറ്റാണ്ടായി ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന വി.ഡി.മോഹൻദാസിന്റെ ഫോട്ടോ പ്രദർശനം പഴശ്ശി ഗ്രന്ഥാലയത്തിൽ തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ യാത്രക്കിടെ ഒപ്പിയെടുത്ത ജീവൻ തുടിക്കുന്ന 70 ചിത്രങ്ങളാണ് ചിത്ര പ്രദർശനത്തിലുള്ളത്.

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ പ്രി-ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ബത്തേരിയിലെ ബേബി തങ്കപ്പൻ സ് സ്റ്റുഡിയോയിൽ സഹായിയായിട്ടാണ് മോഹൻദാസിന്റെ ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള കാൽവെപ്പ്. പ്രദർശനത്തിന് വെച്ചിരിക്കുന്ന 70 ചിത്രങ്ങളിൽ അധികവും പ്രകൃതി ദൃശ്യങ്ങളുടെ അപൂർവ്വ കാഴ്ചകൾ സമ്മാനിക്കുന്നതാണ്.

വനവും മൃഗങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകൾ ആരെയും ആകർഷിക്കുന്നവയാണ്. പ്രകൃതി ദൃശ്യങ്ങൾ അതിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്തവയാണിവ. കാട്ടിലെ തളിരിലയ്ക്കും, പുൽക്കൊടിയ്ക്കും നീർച്ചാലിനുമൊക്കെ പറയാനുള്ള കഥകൾ ഈ ഫോട്ടോകൾ കാഴ്ചക്കാരോട് പറയും. ആനക്കൂട്ടങ്ങളുടെയും, കടുവകളടെയും ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ജർമനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, സ്വിറ്റ്സ്സർലഡ്, തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലും തന്റെ ക്യാമറയുമായി മോഹൻദാസ് സഞ്ചരിച്ചു.

ആൽപ്‌സ് പർവ്വതം കനിഞ്ഞൊരുക്കിയ കാഴ്ച വിരുന്നുകളുടെ നാടായ സ്വിറ്റ്‌സർലണ്ടിൽ നിന്നും ഒപ്പിയെടുത്ത പച്ചപ്പിന്റെ മനോഹാരിത വെളിപ്പെടുത്തുന്ന ഫോട്ടോഗ്രാഫ് വർണനയ്ക്ക് അതീതമാണ്. രാജസ്ഥാനിൽ നിന്നുമെടുത്ത ‘സന്ധ്യയുടെ സംഗീതം, ‘വയനാടിലേക്കുള്ള കരിന്തണ്ടന്റ യാത്ര തുടങ്ങിയ ചിത്രങ്ങളും മനോഹരമായ കാഴ്ചാനുഭവം സമ്മാനിക്കുന്നവയാണ്. പ്രകൃതിയും ജീവീതവും ഇഴചേർന്ന കാഴ്ചകളുടെ വസന്ത ലോകമായിത്തീർന്നിരിക്കുകയാണ് പഴശ്ശി ഓഡിറ്റോറിയം.

പ്രദർശനത്തിന്റെ ഉദ്ഘാടനം എംഎൽഎ ഓ.ആർ കേളു നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.കെ. രത്‌നവല്ലി അധ്യക്ഷം വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, നഗരസഭ വൈസ് ചെയർമാൻ പി.വി.എസ് മൂസ, മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റസൽ ഷാഹൂൽ, എ.കെ.പി.എ വയനാട് ജില്ലാ സെക്രട്ടറി അജി കൊളോണിയ, പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് ഷബിത, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ ഷിനോജ് കെ.എം എന്നിവർ പ്രസംഗിച്ചു.

രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. ഡിസംബറിന്റെ പകലുകളെ മനോഹര ദൃശ്യവിരുന്നൊരുക്കി സമ്പന്നമാക്കിയ മോഹൻ ദാസിന്റ പ്രദർശനം 15 ന് സമാപിക്കും. വിദ്യാർഥികളടക്കം നിരവധി ആളുകളാണ് പ്രദർശനം ആസ്വദിക്കാനെത്തുന്നത്.

 

Leave A Reply

Your email address will not be published.