Listen live radio

ഇറക്കുമതി തീരുവ കുറക്കാൻ ശിപാർശ; സ്വർണ മേഖല പ്രതീക്ഷയിൽ

after post image
0

- Advertisement -

 

 

 

കൊച്ചി: സ്വർണത്തിന്റെ ഇറക്കുമതി തീരുവ നാലു ശതമാനമാക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ധന മന്ത്രാലയത്തിന് ശിപാർശ നൽകിയതോടെ വ്യാപാര മേഖല പ്രതീക്ഷയിൽ.

നിലവിൽ 7.5 ശതമാനം നികുതിയും 2.5 ശതമാനം അടിസ്ഥാന സൗകര്യവികസന സെസുമാണ് സ്വർണത്തിന് ചുമത്തുന്നത്. ഇറക്കുമതി തീരുവ കുറച്ചാൽ ഗ്രാമിന് ശരാശരി 150 രൂപക്ക് മുകളിൽ ഇടിവ് വരും. എന്നാൽ, തീരുവ കുറക്കുന്നതിനൊപ്പം ജി.എസ്.ടി കൂട്ടുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ഓരോ കേന്ദ്ര ബജറ്റിനും മുന്നോടിയായി ഇറക്കുമതി തീരുവയിൽ വ്യത്യാസം വരുത്താനുള്ള നിർദേശം വാണിജ്യ മന്ത്രാലയം ധന മന്ത്രാലയത്തിന് സമർപ്പിക്കുന്നത് സാധാരണ രീതിയാണ്. നിലവിൽ സ്വർണ ഇറക്കുമതിക്ക് തീരുവ കുറച്ചിട്ടില്ല. തീരുവയിൽ മാറ്റം വരുത്താനുള്ള അധികാരം ധനമന്ത്രാലയത്തിൽ നിക്ഷിപ്തമാണ്. കേന്ദ്ര ബജറ്റിന് ഇനിയും ഏറെ നാളുകൾ ഉണ്ടെന്നതിനാൽ ഉടനെയൊന്നും വിലയിൽ മാറ്റമുണ്ടാകില്ല. ഇറക്കുമതി തീരുവ കുറക്കണമെന്ന് സ്വർണ വ്യാപാര, വ്യവസായ മേഖല പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നുണ്ട്.

ഇറക്കുമതി നികുതി പൂർണമായി ഒഴിവാക്കണമെന്നാണ് സ്വർണ വ്യാപാര മേഖലയുടെ ആവശ്യമെന്ന് ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വർണ കള്ളക്കടത്ത് ഇല്ലാതാക്കാൻ തീരുവ കുറക്കുന്നതിലൂടെ സഹായിക്കും. ഇറക്കുമതി ചുങ്കം കുറക്കുകയും എന്നാൽ, ജി.എസ്.ടി കൂട്ടുകയും ചെയ്താൽ മേഖലക്ക് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മൂന്നുശതമാനമാണ് സ്വർണത്തിന് ജി.എസ്.ടി. ഇതിൽ ഒന്നര ശതമാനം വീതം സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിഹിതമാണ്.

രാജ്യത്ത് ഓരോ വർഷവും 700 മുതൽ 1000 ടൺ വരെ സ്വർണം ജ്വല്ലറി വ്യവസായത്തിനായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് ജി.ജെ.സിയുടെ കണക്ക്. നേരത്തേ 12.50 ശതമാനം മൊത്തം തീരുവ ഉണ്ടായിരുന്നപ്പോൾ ഇതുവഴി 50,000 കോടിയുടെ നികുതി ലഭിച്ചിട്ടുണ്ട്. അതേസമയം, കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണത്തിലൂടെ ഇത്രയും രൂപയുടെ തന്നെ നികുതിവെട്ടിപ്പും സംഭവിക്കുന്നു. ഇറക്കുമതി ചുങ്കം കുറച്ചാൽ കള്ളക്കടത്ത് നിലക്കുമെന്നാണ് ജി.ജെ.സി നിലപാട്.

 

Leave A Reply

Your email address will not be published.