പ്രാണിജന്യ രോഗങ്ങളായ മലമ്പനി, മന്ത്, ചിക്കൻഗുനിയ, സിക്ക, ജാപ്പനീസ് എൻസഫലൈറ്റീസ്, യെല്ലോഫിവർ, സ്ക്രബ്‌ടൈഫ്‌സ്, വെസറ്റ് നൈൽ വൈറസ് എന്നിവപോലെ തന്നെ ഡെങ്കിപനിയും പ്രാണിജന്യ രോഗമാണ്. ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകർത്തുന്നത് ഈഡിസ് വിഭാഗത്തിലെ രോഗവാഹകരായ പെൺകൊതുകുകളാണ്. നട്ടെല്ലുള്ള ജീവികളുടെ രക്തം (Blood meals) പെൺ കൊതുകുകളിൽ മുട്ട ഉൽപ്പാദിപ്പിക്കുന്നതിനാവശ്യമായ പ്രോട്ടീൻ പ്രധാനം ചെയ്യുന്നതിനാലാണ് പെൺ കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. സസ്യങ്ങളിലെ മധുരമുള്ള പുൽച്ചാറുകൾ, തേൻതുള്ളികൾ ചെടികളിലെയും പുല്ലുകളിലെയും ദ്രാവകങ്ങൾ എന്നിവയാണ് കൊതുകിന്റെ ഭക്ഷണം. 3600 ഇനം കൊതുകുകൾ അടങ്ങുന്ന ക്യുലിസിഡെ കുടുംബത്തിലെ അംഗമാണ് ഈഡിസ് കൊതുകുകൾ. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്‌ടസ് എന്നീ രണ്ട് തരത്തിലുള്ള ഈഡിസ് കൊതുകുകൾ ഉണ്ട്.
മുട്ട, ലാർവ, പ്യൂപ്പ, പൂർണ്ണവളർച്ചയായ കൊതുക് എന്നതാണ് ഇവയുടെ ജീവിത ചക്രം. പെൺകൊതുകുകൾ ജലസാന്നിധ്യമുള്ള പാത്രത്തിന്റെ (കണ്ടെയ്‌നർ) മുകളിൽ നനവുള്ള ഭാഗത്ത് മുട്ട നിക്ഷേപിക്കുന്നു. മുട്ടകൾക്ക് നനഞ്ഞ പ്രതലത്തിൽ ഒട്ടിപിടിച്ചിരിക്കാനാകും. മുട്ട പറ്റിപിടിച്ചിരിക്കുന്ന ഭാഗത്ത് ഏതെങ്കിലും വിധത്തിൽ വെള്ളം നിറയുമ്പോൾ മുട്ട വിരിഞ്ഞ് ലാർവകളായി മാറുന്നു. ജലത്തിലെ സൂഷ്‌മ ജീവികളെ ഭക്ഷിച്ച് ലാർവകൾ മൂന്നിരട്ടിയോളം വലുതാകുകയും തുടർന്ന് പ്യൂപ്പയായി മാറുകയും ചെയ്യുന്നു. പ്യൂപ്പകൾക്ക് ഭക്ഷണം ആവശ്യമില്ല. പ്യൂപ്പകൾ വിരിഞ്ഞ് പൂർണ വളർച്ച പ്രാപിച്ച കൊതുകുകൾ പുറത്തേക്ക് വരുന്നു. ചൂടുകൂടിയ സാഹചര്യത്തിൽ 8 മുതൽ 10 ദിവസത്തിനകം മുട്ടയിൽ നിന്നും പൂർണ്ണ വളർച്ചയെത്തിയ കൊതുക് ഉണ്ടാകുന്നു. കറുത്ത നിറമുള്ള ഇവയുടെ കാലുകളിൽ തിളങ്ങുന്ന വെള്ളവരകളും മുതുകിൽ മൂർ ശംഖ് (lyre) വെള്ളവരകളും ഉള്ളതിനാൽ ഈഡിസ് കൊതുകിനെ വേഗത്തിൽ തിരിച്ചറിയാനാകും.
ലോകത്തിൽ 1779 മുതൽ തന്നെ ഡെങ്കിപനി വ്യാപനം ഉണ്ടായിട്ടുണ്ട്. തികച്ചും കാലാവസ്ഥ വ്യതിയാനമാണ് ഡെങ്കിപനിയുടെ വ്യാപന കാരണം. അവഗണിക്കപ്പെട്ട ഉഷ്ണമേഖല രോഗമായി ഡെങ്കിപനിയെ ലോകം വിലയിരുത്തുന്നു. 2023-ൽ ലോകത്താകമാനം 5 ദശലക്ഷത്തിലധികം ആളുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെട്ടു അതിൽ പകുതിയിലേറെയും ഇന്ത്യ ഉൾപ്പെടുന്ന ഉഷ്‌ണമേഖലാ രാജ്യങ്ങളിലാണ്. ആർത്രോപോഡ്കൾ (പ്രാണികൾ) പരത്തുന്ന ആർബോവൈറസ് വിഭാഗത്തിലെ ഗ്രൂപ്പ് ‘ബി’ യിൽപ്പെടുന്നവയാണ് ഫ്ളാവി വൈറസ് ഏകദേശം 50 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഏകശ്രേണിയിൽ റൈബോ ന്യൂക്ലിക്ക് അമ്ലം അടങ്ങിയിട്ടുള്ള അതിസൂഷ്മ വൈറസുകളാണ് ഇവ.
ഫ്ളാവി വൈറസ് ജനുസ്സിൽ തന്നെ ജൈവപരമായ സവിശേഷതകൾകൊണ്ട് ഏറെ പ്രത്യേകതയുള്ളവയാണ് ഡെങ്കി വൈറസുകൾ) ഡെങ്കിപ്പനിയുടെ രോഗകാരിയായ ഫ്ളാവി വൈറസ് 4 സീറോ ടൈപ്പുകൾ (Denque 1, 2, 3, 4) കാണപ്പെടുന്നു. സാധാരണയായി ഒരു പ്രദേശത്ത് ഫ്ളാവി വൈറസിന്റെ ഒരു സീറോ ടൈപ്പാണ് കാണാറുള്ളത്. ഒന്നിൽ കൂടുതൽ സീറോ ടൈപ്പ് ഫ്ളാവിവൈറസ് കാണുന്ന പ്രദേശങ്ങളെ ഹൈപ്പർ എന്റമിക് എന്നു പറയുന്നു. ഈ മേഖലയിൽ രോഗാവസ്ഥ സങ്കീർണവും മരണനിരക്ക് കൂടുതലും ആയിരിക്കും.. ജില്ലയിൽ ഫ്ളാവി വൈറസിൻ്റെ 4 സീറോ ടൈപ്പും കാണപ്പെടുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ മനുഷ്യരിൽ ആ സീറോ ടൈപ്പിനു മാത്രം ആജീവനാന്ത പ്രതിരോധ ശക്തി സംജാതമാകുന്നു. എന്നാൽ ഇത് മറ്റ് സീറോ ടൈപ്പുകൾക്കെതിരെ സംരക്ഷണമായി വർത്തിക്കുന്നില്ല. മറ്റൊരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ഗുരുതരമാകുന്നതും സാധാരണമാണ്.
ഡെങ്കിപ്പനിക്ക് മൂന്നുതരം രോഗലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ ഡെങ്കിപ്പനി (Classic Dengue Fever), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (Dengue Hemorrhagic fever), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (Dengue Shock Syndrome) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരം തിരിച്ചിരിക്കുന്നത്. സാധാരണയായി ഡെങ്കിപ്പനി ബാധിതരിൽ ഭൂരിഭാഗം പേരിലും രോഗലക്ഷണം കുറവോ അല്ലെങ്കിൽ സാധാരണ പനിപോലുള്ള ഗുരുതരമല്ലാത്തതും സങ്കീർണത കുറഞ്ഞതുമായ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാകുക. എന്നാൽ പ്രതിരോധ ശേഷി കുറഞ്ഞവർ, ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർ, കുഞ്ഞുങ്ങൾ, പ്രായമേറിയവർ എന്നിവരിൽ രോഗം ഗുരുതരമായ അവസ്ഥയുണ്ടാക്കുകയും മരണനിരക്ക് കൂടുകയും ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന പനി (40°C/104°F) പേശികളിലും സന്ധികളിലും ഉണ്ടാകുന്ന വേദന, ഛർദ്ദി, തൊലിപ്പുറത്തുള്ള ചൊറിച്ചിൽ, ചർമത്തിലുണ്ടാകുന്ന ചുണങ്ങ്, തലവേദന (കണ്ണുകൾക്ക് പുറകുവശത്തായി) ക്ഷീണം, അസ്വസ്ഥത, ഗ്രന്ധിവീക്കം, വയറുവേദന, കടുത്ത ദാഹം, രക്തത്തിലെ പ്ലേറ്റ്ലെറ്റിൻ്റെ അളവ് കുറയുക, രക്തത്തിലെ പ്ലാസ ചോർന്നുപോകുക, രക്തസമ്മർദം അപകടകരമായ രീതിയിൽ താഴുക, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം വിളറിയതും, തണുത്തതുമായ ചർമം കാണപ്പെടുക, വ്യത്യസ്‌ത വികാരം പ്രകടിപ്പിക്കുക, ഛർദ്ദിയിലോ, മലത്തിലോ രക്തസാന്നിധ്യം കാണുക. മോണയിലൂടെയോ, മൂക്കിലൂടെയോ ഉള്ള രക്തസ്രാവം തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.
ഡെങ്കിപ്പനിയുടെ പല ലക്ഷങ്ങളും മലേറിയ, സിക്ക, ചിക്കൻഗുനിയ കൂടാതെ ഇൻഫ്ളുവൻസ തുടങ്ങിയവയുടെ രോഗ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. ആയതിനാൽ ഡെങ്കിപ്പനി സ്ഥിരീകരണത്തിനു രക്തപരിശോധന അനിവാര്യമാണ്. മോളികുലർ രക്തപരിശോധനയായ RTPCR ന്റെ ഫലം ഡെങ്കിപ്പനിയുടെ കാര്യത്തിൽ ഏറെ വിശ്വസനീയമാണ്.
ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സയോടൊപ്പം ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായതും വൈറ്റമിൻ ‘സി’ അടങ്ങിയതുമായ ഓറഞ്ച്, നാരങ്ങ, പപ്പായ, പൈനാപ്പിൾ, പച്ച ഇലകറികൾ എന്നിവ ആഹാരത്തോടൊപ്പം ഉൾപ്പെടുത്തുന്നതും ധാരാളം പാനീയങ്ങൾ കുടിക്കുന്നതും ഉത്തമമാണ്. സമീകൃത ആഹാരം കുറച്ചുവീതം കൂടുതൽ നേരം കഴിക്കുക, എളുപ്പം ദഹിക്കുന്നതും മൃദുവായ ഭക്ഷണം കഴിക്കുക, മത്സ്യം, എരിവും പുളിയും കൂടിയ ആഹാരങ്ങൾ, ഉപ്പിലിട്ടവ, കോഫി, പൊരിച്ചതും എണ്ണയിലുണ്ടാക്കുന്നതുമായ ഭക്ഷണം, മാംസ്യം എന്നിവ ഒഴിവാക്കേണ്ടതുമാണ്. നല്ലരീതിയിൽ വായുസഞ്ചാരവും വൃത്തിയുള്ളതുമായ മുറിയിൽ വിശ്രമിക്കുന്നത് രോഗമുക്തി എളുപ്പമാക്കും. കൊതുക് നശീകരണം ഡെങ്കിപനി വ്യാപന നിയന്ത്രണത്തിനു അനിവാര്യമാണ്. ഈഡിസ് കൊതുകുകൾ പൊതുവേ, മനുഷ്യ സാന്നിദ്ധ്യമുള്ള മേഖലയിലാണ് കാണുന്നത്.
ചെറിയതോതിലുള്ള വെള്ളത്തിൽ മുട്ടയിട്ട് പെരുകുവാൻ സാധിക്കുന്നു. വീടിനു ചുറ്റുപാടും വലിച്ചെറിയപ്പെടുന്നതും മഴവെള്ളം തങ്ങിനിൽക്കാൻ കഴിയുന്നതുമായ ചിരട്ട, മുട്ടത്തോട്, കളിപ്പാട്ടങ്ങൾ, ടയറുകൾ, കക്കാതോട്, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ടിന്നുകൾ, ചിരട്ടകൾ, മരപ്പൊത്തുകൾ, വെള്ളംകെട്ടി നിൽക്കാൻ സാധ്യതയുള്ള ചെടിച്ചട്ടികൾ, വാട്ടർ ടാങ്ക്, മൺചട്ടി, ആട്ടുകല്ല്, റബ്ബർ എടുക്കാൻ മരത്തിൽ പിടിപ്പിച്ചിരിക്കുന്ന ചിരട്ട/ പാത്രം എന്നിവയിൽ ശേഖരിക്കപ്പെടുന്ന അൽപ്പം ജലത്തിൽപോലും ഇവ മുട്ടയിട്ട് പെരുകുന്നു. അങ്കോള ചെടികൾ, സിമന്റ് മേൽക്കൂര, ടെറസ്, സൺഷെയ്‌ഡ്, മതിലിനു മുകളിൽ പിടിപ്പിച്ചിട്ടുള്ള കുപ്പിച്ചീളുകൾ എന്നിവയിലെ നാമമാത്രമായ ജലത്തിൽ പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. മഴ ഇല്ലാത്തപ്പോൾ പോലും ഈഡിസ് കൊതുകിന്റെ പ്രജനനം വർധിപ്പിക്കുന്നത് വീടിനകത്തുള്ള ഉറവിടങ്ങളാണ്. ഫ്രിഡ്‌ജ്, A/C, കൂളർ എന്നിവയുടെ വാട്ടർ ട്രേകൾ, വീട്ടിനകത്തു വെക്കുന്ന അലങ്കാര ചെടികളുടെ പാത്രം (വെസൽ), പാത്രത്തിലെ ജലം, പൂച്ചെട്ടികളിലെ അടിയിൽ വെച്ചിരിക്കുന്ന ട്രേയിലെ ജലം, ഉപയോഗിക്കാത്ത ക്ലോസെറ്റുകളിലെ ജലം, ഷവർ, വാഷ്ബേസിൻ എന്നിവയിലെ ജലം പോകുന്ന പൈപ്പിലെ തടസ്സം മൂലം കെട്ടിനിൽക്കുന്ന ജലം, ജലദൗർലഭ്യമുള്ള മേഖലകളിൽ ഉപയോഗത്തിനായി വീടിനകത്ത് പാത്രങ്ങളിൽ ശേഖരിച്ച് വെച്ചിരിക്കുന്ന ജലം എന്നിവ സ്ഥായിയായ ഈഡിസ് കൊതുകിന്റെ പ്രജനന സ്ഥലമാണ്. കൊതുക് മുട്ടയിടുന്ന ഉറവിടങ്ങളിൽ സംസ്ക്‌കരിക്കാൻ കഴിയുന്നവയെ ശേഖരിച്ച് സംസ്‌കരിക്കുകയും അല്ലാത്തവയിലെ ജലം ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും മാറ്റുകയും ചെയ്‌താൽ ഈഡിസ് കൊതുകിന്റെ പ്രജനനം തടയുകയും ഡെങ്കിപ്പനി വ്യാപനം ഇല്ലാതാക്കുകയും ചെയ്യാം.
ഇതിനായി വീടുകൾ, സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവടങ്ങളിൽ ആഴ്‌ചയിൽ ഒരിക്കൽ ‘ഡ്രൈഡേ’ ആചരിക്കേണ്ടതാണ്. പ്ലാന്റേഷൻ മേഖലകളിൽ റബ്ബർപാൽ ഉൽപ്പാദിപ്പിക്കപ്പെടാത്ത സമയങ്ങളിൽ ചിരട്ടകൾ കമഴ്ത്തി വെക്കേണ്ടതാണ്. കരയ്ക്ക് കയറ്റിവെച്ചിരിക്കുന്ന യാനങ്ങളിൽ (വെള്ളം/ബോട്ട്) കെട്ടിനിൽക്കുന്ന ജലം, നിർമ്മാണമേഖകളിൽ വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, നിർമാണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന സിമന്റ് കുഴികൾ, ആക്രി ശേഖരണശാലകളിലെ പാഴ്‌വസ്‌തുക്കളിലെ ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ എന്നിയിലെ മഴവെള്ള ശേഖരം, തീരദേശത്തെയും നഗരപ്രദേശത്തെയും പ്രധാന ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാണ്.ഒരു പ്രദേശത്തെ ഡെങ്കിപ്പനി വ്യാപനതോത് അനുസരിച്ചാണ് ഡെങ്കി ഹോട്സ്പോട്ട് നിശ്ചയിക്കുന്നത്. ആയതിനു കഴിഞ്ഞ 3 വർഷമായി ഈ പ്രദേശത്തുണ്ടായ ഡെങ്കിപ്പനിയുടെ എണ്ണം, പ്രസ്‌തുത പ്രദേശത്ത് വെക്‌ടർ സർവ്വയിലൂടെ ലഭിച്ച ഇൻടെക്സ്, പ്രദേശത്തെ ഡെങ്കിപ്പനി മൂലമുണ്ടായ മരണനിരക്ക് എന്നിവയെ അടിസ്ഥാനമാക്കി ഡെങ്കി ഹോട്സ്പോട്ട്, ഹൈ റിസ്ക് ഏറിയ എന്നിങ്ങനെ വേർതിരിച്ച് ഉചിതമായ പദ്ധതി ആവിഷ്‌ക്കരിച്ച് ഡെങ്കി പ്രതിരോധ നടപടികൾ ജനങ്ങളുടെയും സർക്കാർ, സർക്കാർ ഇതര ഏജൻസികളുടെയും സംയുക്ത ഇടപെടലോടെ സാധ്യമാക്കേണ്ടതാണ്. ‘ഡെങ്കിപ്പനി പ്രതിരോധം സുരക്ഷിതമായ നാളത്തേയ്ക്കുള്ള നമ്മുടെ ഉത്തരവാദിത്വം എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനത്തിലെ ആപ്‌തവാക്യം’,
(ലേഖകൻ ജില്ലാ വെക്ട്‌ടർബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) തിരുവനന്തപുരം)