നോയിഡ∙ മകനുമായി ഫ്ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യ. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഏസ് സിറ്റി ബിൽഡിങ്ങിന്റെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടി 37 വയസ്സുകാരിയായ യുവതി 11 വയസ്സുള്ള മകനുമായി ആത്മഹത്യ ചെയ്തത്.
കുട്ടിക്ക് നാഡീ വളർച്ച സംബന്ധമായ രോഗമുണ്ടായിരുന്നതായും ഇതു യുവതിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും ഭർത്താവിനെ ഇനിയും ബുദ്ധിമുട്ടിക്കാൻ താൽപര്യമില്ലെന്നും യുവതി ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ‘‘ഞങ്ങൾ ഈ ലോകം വിടുകയാണ്, ക്ഷമിക്കണം, ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല, ഇനി ഭർത്താവിനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല’’ – യുവതി കുറിപ്പിൽ പറയുന്നു.
ശനിയാഴ്ച രാവിലെ ഭര്‍ത്താവ് യുവതിയോട് മകന് മരുന്നു നൽകാൻ പറഞ്ഞു. തുടർന്ന് മകനുമായി യുവതി ബാൽക്കണിയിലേക്ക് പോയി. പെട്ടെന്ന് നിലവിളി കേട്ട് മറ്റൊരു മുറിയിലുണ്ടായിരുന്ന യുവാവ് ബാൽക്കണിയിലേക്ക് എത്തിയപ്പോൾ ഇരുവരേയും ഫ്ലാറ്റിനു താഴെ വീണു കിടക്കുന്നതായി കണ്ടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില യുവതിയെ കടുത്ത മാനസിക സമർദത്തിലാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.














