Listen live radio

നന്മ മരങ്ങളാകുന്ന പോലീസ്; ഹോപ്പ് പ്രൊജെക്ടിലൂടെ ജില്ലയില്‍ പരീക്ഷ എഴുതിയ 92 പേരില്‍ 87 പേരും വിജയിച്ചു

after post image
0

- Advertisement -

കല്‍പ്പറ്റ: കടുത്ത നീരസത്തോടെയും ചിലപ്പോള്‍ ഭീതിയോടെയുമാണ് പോലീസുകാരെ ജനങ്ങള്‍ കാണുന്നത്. പോലീസ് ഉദ്യോഗസ്ഥരില്‍ ചുരുക്കം ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അമിതാധികാര പ്രയോഗവും മൂന്നാം മുറയും ചില കസ്റ്റഡി മരണങ്ങളുമൊക്കെയാണ് ഈയൊരു ധാരണക്ക് കാരണം.
എന്നാല്‍ കൊവിഡ് കാലത്ത് കേരള പോലീസ് സമൂഹത്തിന്‍റെ ഈ ധാരണകളെയെല്ലാം തിരുത്തിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ ഭീതിയിലൂടെ കടന്നു പോകുന്ന പ്രയാസമേറിയ ദിനങ്ങളില്‍ കരുതലിന്‍റെ കരുത്തായും ജനസേവനത്തിന്‍റെ ഉദാത്ത മാതൃകയായും മാറിയിരിക്കുകയാണ് പോലീസ് വിഭാഗം. നേരത്തേ പലപ്പോഴും പോലീസിനെതിരെ കടുത്ത വിമര്‍ശനവും മറ്റും ചൊരിഞ്ഞിരുന്നവര്‍ സാമൂഹിക മാധ്യമങ്ങളില്‍ അവരുടെ സേവനങ്ങളെ വാഴ്ത്തുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാരണം മരുന്നു കിട്ടാതെ വിഷമിക്കുന്ന നൂറുകണക്കിനു രോഗികള്‍ക്ക് മരുന്നെത്തിച്ചും സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും പലയിടങ്ങളിലും ഒറ്റക്കു താമസിക്കുന്നവര്‍ക്കും ഭക്ഷണമെത്തിച്ചു കൊടുത്തും കേരളീയ സമൂഹത്തിന്‍റെ കൈയടി നേടിക്കൊണ്ടിരിക്കുകയാണ് കൊറോണ കാലത്തെ പോലീസ്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് വയനാട് ന്യൂസ് ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷകളില്‍ നിശ്ചിത വിഷയങ്ങളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും,പ്രോല്‍സാഹനവും നല്‍കി അവരെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2017 ല്‍ കേരള പോലീസ് നടപ്പിലാക്കിയ ഹോപ്പ് പ്രൊജെക്ടിലൂടെ ജില്ലയില്‍ പരീക്ഷ എഴുതിയ 92 പേരില്‍ 87 പേരും വിജയിച്ചു. ആദ്യമായാണ് ജില്ലയില്‍ നിന്നും ഹോപ്പ് പ്രൊജെക്ടിലൂടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്.
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിലുള്ളവരാണ്. ജനമൈത്രി പോലീസ്,എസ്.പി.സി എന്നിവരുടെ കൂട്ടായ പരിശ്രമത്തോടെ 2019 സെപ്റ്റംബര്‍ അവസാനമാണ് ജില്ലയില്‍ ഹോപ് പ്രൊജക്ടിന് തുടക്കം കുറിച്ചത്.ഒക്ടോബര്‍ ആദ്യവാരം തന്നെ മാനന്തവാടി,കല്‍പ്പറ്റ,ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രമുഖ റിട്ടയേര്‍ഡ് അധ്യാപകരുടെയും മറ്റും സഹകരണത്തോടെ പഠന സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ ഐ.പി.എസ്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി.രജികുമാര്‍ എന്നിവര്‍ക്കാണ് ഹോപ് പ്രോജക്ടിന്റെ ചുമതല.

Leave A Reply

Your email address will not be published.