മാനന്തവാടി:കരട് വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താന്‍ നല്‍കിയ 250 ഓളം അപേക്ഷകള്‍ പരിശോധിക്കുക പോലും ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത് സെക്രട്ടറിയെ മണിക്കൂറുകളോളം ഉപരോധിച്ചു.
ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അവധിപോലും എഴുതി വെക്കാതെ മുങ്ങിയതായും ചില വോട്ടര്‍മാരെ പട്ടികയില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്തതായും സമരക്കാര്‍ പരാതിപ്പെട്ടു.വോട്ടര്‍പട്ടികയില്‍ പേര് നീക്കം ചെയ്തവരില്‍ ഒരാളായ നാസര്‍ ആരങ്ങാടനെ പട്ടികയിലുള്‍പ്പെടുത്താമെന്നും വോട്ടര്‍മാരെ യഥാര്‍ത്ഥ വാര്‍ഡില്‍ നിന്നും മാറ്റിയെന്ന ആരോപണം പരിശോധിച്ച് സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പുനക്രമീകരിക്കാമെന്നും ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്.
പഞ്ചായത്തില്‍ പുതുതായി ചുമതല ഏറ്റെടുത്ത സെക്രട്ടറി, അസി.സെക്രട്ടറി,ജെ എസ് എന്നിവരെയാണ് ഇന്നലെ രാവിലെ സമരക്കാര്‍ തടഞ്ഞുവെച്ചത്.ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ജില്ലാ പഞ്ചായത് ജോയിന്റ് ഡയരക്ടര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.സമരങ്ങള്‍ക്ക് സി മൊയ്തുഹാജി,എ മോയി,പി കെ അമീന്‍,സിദ്ദീഖ് പീച്ചംകോട്,ഉസ്മാന്‍ പള്ളിയാല്‍,നാസര്‍ തരുവണ,ടി കെ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വോട്ടര്‍ പട്ടികാചുമതലയുള്ള ഉദ്യോഗസ്ഥന്‍ പക്ഷപാതം നടത്തിയെന്നാരോപിച്ചാണ് പഞ്ചായത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.2025 ലെ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടികയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ പിഴവുകള്‍ വരുത്തിയതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
പഞ്ചായത്തില്‍ നിലവിലുള്ള 21 വാര്‍ഡുകള്‍ 23 ആക്കി ഉയര്‍ത്തിയതോടെ വോട്ടര്‍മാരെ ദൂരെയുള്ള വാര്‍ുഡുകളിലേക്കും ബൂത്തുകളിലേക്കും മാറ്റിയതായി ആരോപണം ഉയര്‍ന്നു.ഇത് പ്രകാരം പിഴവുകള്‍ തിരുത്താനുള്ള സമയ പരിധിക്കുള്ളില്‍ തന്നെ അപേക്ഷകള്‍ നല്‍കിയെങ്കിലും ഇവ തുറന്നു പോലും നോക്കാതെ ചുമതലയുള്ള സീനിയര്‍ ക്ലര്‍ക്ക് വോട്ടര്‍മാരെ കബളിപ്പിച്ചെന്നാരോപിച്ചാണ് ഇന്നലെ രാവിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.5 വാര്‍ഡുകളില്‍ നിന്ന് മാത്രം 200 ലധികം വോട്ടര്‍മാര്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇവയൊന്നും ഫീല്‍ഡ് പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥന് കൈമാറാതെ പൂഴ്ത്തി വെച്ചതായാണ് ആരോപണം.