Listen live radio

സംസ്ഥാനത്ത് 17 പേർക്ക് കൂടി ഒമിക്രോൺ; രോഗബാധിതരുടെ എണ്ണം 345 ആയി

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 13 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 4 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 345 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 78 പേരും എത്തിയിട്ടുണ്ട്. 34 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന രണ്ട് പേരാണുള്ളത്.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 1,80,000 ത്തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 1,79,723 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 146 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നിരക്ക് 99 ശതമാനത്തിൽ നിന്ന് 96 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമാനത്തിലെത്തി. ഒമിക്രോൺ വ്യാപനത്തെ തുടർന്നുണ്ടായ തരംഗത്തിന് വ്യാപനശേഷി കൂടുതലെന്ന് തെളിയിക്കുന്നതാണ് പ്രതിവാര കൊവിഡ് കണക്കിലുണ്ടായ വർധന. ജനുവരി മൂന്നിനും ഒമ്പതിനുമിടയിൽ കൊവിഡ് സ്ഥിരീകരിച്ചത് 7.8 ലക്ഷം പേർക്കാണ്. ഡിസംബർ അവസാന വാരം 1.3 ലക്ഷം മാത്രമയിരുന്നു കൊവിഡ് കേസുകളുടെ എണ്ണം. രണ്ടാം തരംഗത്തിൽ ഇത്രയും വർധനക്ക് അഞ്ച് ആഴ്ച എടുത്തെങ്കിൽ ഇത്തവണ അതിന് ഒരാഴ്ച മാത്രമേ വേണ്ടി വന്നുള്ളുവെന്നതാണ് ആശങ്കാജനകം.

പ്രതിവാര വർധനയിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയാണ്. ബംഗാളിലും ദില്ലിയിലും യഥാക്രമം ആറിരട്ടിയും ഒമ്പതിരട്ടിയും വർധനയാണ് പ്രതിവാര കേസുകളിലുണ്ടായത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ പ്രതിദിന കേസുകളിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് 13 ഇരട്ടി വർധനയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ രാജ്യത്ത് മുന്നണി പോരാളികൾക്കും ഗുരുതര രോഗമുള്ള 60 വയസ്സിന് മുകളിലുള്ളവർക്കും കരുതൽ ഡോസ് വിതരണം തുടങ്ങി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം പൂർത്തിയായവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. ഇതുവരെ 152 കോടിയിലധികം ഡോസ് വാക്‌സീനാണ് രാജ്യത്ത് വിതരണം ചെയ്തത്.

 

Leave A Reply

Your email address will not be published.