World

മിസൈലുകളെ ലേസറുകൾ തകർക്കും; ഇസ്രയേലിന്റെ ആയുധപ്പുരയിലെ അയേൺ ബീം, പരീക്ഷണം വിജയം

ജറുസലം ∙ മിസൈൽ ആക്രമണം തടുക്കാനുള്ള ലേസർ അധിഷ്ഠിത പ്രതിരോധസംവിധാനത്തിന്റെ പരീക്ഷണം ഇസ്രയേൽ പൂർത്തിയാക്കി. ഈ വർഷാവസാനത്തോടെ ഇതു സൈന്യത്തിനു കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. നിലവിലുള്ള അയേൺ ഡോം, ഡേവിഡ്‌സ് സ്ലിങ്, ആരോ എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കു പുറമേയാണ് പുതിയ അയേൺ ബീം.

അതിനിടെ, പോർവിമാനങ്ങളുടെ പിന്തുണയോടെ ഇസ്രയേൽ ടാങ്കുകൾ ഗാസ സിറ്റിയുടെ കേന്ദ്രത്തിലേക്ക് അടുത്തുതുടങ്ങി. ഗാസയിലെങ്ങും ഇന്റർനെറ്റ്, ഫോൺബന്ധം വിഛേദിച്ചു. 24 മണിക്കൂറിനിടെ വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലുമായി 79 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 65,141 പലസ്തീൻകാർ കൊല്ലപ്പെട്ടു.

കിഴക്കൻമേഖല കീഴടക്കിയ സൈന്യം ഷെയ്ഖ് റദ്‌വാൻ, ടെൽ അൽ ഹവ എന്നീ പട്ടണങ്ങളിലാണ് ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. പടിഞ്ഞാറൻ മേഖലയിലേക്കാണ് അടുത്തനീക്കം. ഇവിടെയാണു പലസ്തീൻ അഭയാർഥികളിലേറെയും ക്യാംപുകളിൽ കഴിയുന്നത്. സൈന്യം വളഞ്ഞ ഗാസ സിറ്റിയിൽനിന്നു കഴിഞ്ഞദിവസങ്ങളിൽ 40,000 പലസ്തീൻകാർ പലായനം ചെയ്തെന്നാണ് കണക്ക്. പതിനായിരങ്ങൾ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇന്റർനെറ്റ് വിഛേദിച്ചതോടെ ഗാസയ്ക്കു പുറംലോകവുമായി ബന്ധം അറ്റു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.