Listen live radio

ദിലീപിന്റെ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റിനും വിലക്ക്

after post image
0

- Advertisement -

കൊച്ചി: നടന്‍ ദിലിപ് അടക്കം ഉള്‍പ്പെട്ടിട്ടുള്ള നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ അനുവദിച്ച ശേഷം കേസ് ഇന്ന് കോടതി പരിഗണിക്കാനിരുന്നതായിരുന്നു.

എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ചില തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നതടക്കം പ്രോസിക്യൂഷന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയായിരുന്നു ദിലീപിന് അന്വേഷണ സംഘം ചോദ്യം ചെയ്തത്. വ്യാഴാഴ്ച വരെ അറസ്റ്റിനും വിലക്കുണ്ടായിരുന്നു. അവസാനദിനമായ ചൊവ്വാഴ്ച വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകള്‍ ചേര്‍ത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങളില്‍ ദിലീപ് ഉറച്ചുനിന്നു. പല തെളിവുകളും ദിലീപിനുമുന്നില്‍ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്.
ചൊവ്വാഴ്ച ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ അന്വേഷണസംഘം വിളിച്ചുവരുത്തി. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസന്‍ തിരിച്ചറിഞ്ഞു. കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസന്‍ മാധ്യമങ്ങളോടു പറഞ്ഞു.

അവസാനദിനത്തിലെ ചോദ്യംചെയ്യലിന് നേതൃത്വം നല്‍കാന്‍ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും എത്തി. ഇതുവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിശകലനംചെയ്തു.

Leave A Reply

Your email address will not be published.