Listen live radio

ഏറെ വ്യാപനശേഷിയുള്ള കോവിഡ് വകഭേദം ഒമൈക്രോണിന്റെ ഉപവകഭേദങ്ങള്‍ ലോകത്ത് 57 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

after post image
0

- Advertisement -

ജനീവ: ഏറെ വ്യാപനശേഷിയുള്ള കോവിഡ് വകഭേദം ഒമൈക്രോണിന്റെ ഉപവകഭേദങ്ങള്‍ ലോകത്ത് 57 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന.

ലോകത്ത് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന, യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ അതിവ്യാപനശേഷിയുള്ള വകഭേദമാണ് ഒമൈക്രോണ്‍. അതിന്റെ ഉപവകഭേദങ്ങളാണ് കണ്ടെത്തിയത്.

 

ബിഎ1, ബിഎ1.1, ബിഎ2, ബിഎ3 എന്നീ ഉപവകഭേദങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ബിഎ2 ഉപവകഭേദമാണ് കൂടുതല്‍ വ്യാപകമായി കണ്ടു വരുന്നത്. ആദ്യ കൊറോണ വൈറസില്‍ നിന്നും നിരവധി മ്യൂട്ടേഷന്‍ ( പരിവര്‍ത്തനം) സംഭവിച്ചവയാണ് ബിഎ2 ഉപവകഭേദം. മനുഷ്യശരീരത്തിലേക്ക് കടന്നുകയറുന്ന സ്‌പൈക്ക് പ്രോട്ടീനില്‍ അടക്കം മാറ്റമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

 

ഏറെ വ്യാപനശേഷിയുള്ള ബിഎ2 ഉപവകഭേദം ഇതുവരെ 57 രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ചില രാജ്യങ്ങളില്‍ ഈ ഉപവകഭേദങ്ങളുടെ ഉള്‍പ്പിരിവുകളും കാണുന്നുണ്ട്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒമൈക്രോണിനേക്കാള്‍ തീവ്രവ്യാപനശേഷിയുള്ളതാണ് ബിഎ2 ഉപവകഭേദം എന്നും, അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലും ബിഎ2 ഉപവകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

 

പുതിയ ഉപവകഭേദങ്ങളുടെ സ്വഭാവം, വ്യാപനശേഷി, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിവയെക്കുറിച്ചെല്ലാം പഠനം നടക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയിലെ ഗവേഷക മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. കൊറോണ വൈറസിന്റെ മുന്‍ കവഭേദമായ ഡെല്‍റ്റയെ അപേക്ഷിച്ച്‌ ഒമൈക്രോണ്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍.

 

അതേസമയം കോവിഡ് ഇപ്പോഴും അപകടകാരിയായി തുടരുകയാണ്. വൈറസ് എല്ലായിടത്തും വ്യാപിക്കുന്നുണ്ട്. നിരന്തരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയുമാണ്. അതിനാല്‍ വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ പരമാവധി സുരക്ഷിതത്വം പാലിക്കുകയാണ് ഉത്തമമെന്നും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

Leave A Reply

Your email address will not be published.