ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വരവോടെ തിരിച്ചടി നേരിട്ട ഐടി മേഖല വിട്ട് പുതിയ തൊഴിലുകൾ തേടിപ്പോയവരുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. നാട്ടിലുണ്ടായിരുന്ന ഐടി ജോലി വിട്ട് റഷ്യയിൽ തൂപ്പുജോലിക്ക് പോയ ഒരു ഇന്ത്യക്കാരന്‍റെ കഥയാണ് ഇപ്പോൾ കോർപറേറ്റ് ലോകത്തെ സംസാര വിഷയം. റഷ്യൻ മാധ്യമങ്ങളിൽ വരെ വാർത്തയായ 26 കാരന്‍ പ്രതിമാസം ഒരുലക്ഷം രൂപ വരെയാണ് ശമ്പളം വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.റഷ്യൻ മാധ്യമമായ ഫോൻടാക്കയിലെ റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്. നഗരത്തിലെ തൊഴിൽ ക്ഷാമം പരിഹരിക്കാനാണ് ഇന്ത്യയിൽ നിന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് 17 ഇന്ത്യക്കാരെ സെന്‍റ് പീറ്റേഴ്സ് ബർഗിലെത്തിക്കുന്നത്. ഇതിൽ മുകേഷ് മണ്ഡൽ എന്നയാളാണ് ഇന്ത്യയിൽ സോഫ്റ്റ്‍വെയർ ഡവലപ്പറായി ജോലി ചെയ്തിരുന്നതായി അവകാശപ്പെട്ടത്. ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ചാറ്റ് ബോട്ടുകൾ തുടങ്ങിയ വിഷയങ്ങളിൽ തനിക്ക് സാങ്കേതിക ജ്ഞാനമുണ്ടെന്ന് ഇയാൾ പറയുന്നത്. മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളിലാണ് താൻ ജോലി ചെയ്തിരുന്നതെന്നും ഇയാൾ അവകാശപ്പെടുന്നു. കുറച്ച് വർഷങ്ങൾ റഷ്യയിൽ ജോലി ചെയ്ത് പണമുണ്ടാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് പ്ലാനെന്നും ഇയാൾ പറയുന്നു.
ലക്ഷം ശമ്പളം
റഷ്യയിലെ മുൻസിപ്പൽ കോർപറേഷന് കീഴിലെ റോഡുകളും മറ്റും വൃത്തിയാക്കാൻ കരാറെടുത്ത ഒരു കമ്പനിയാണ് ഇന്ത്യക്കാരെ ഇവിടെ എത്തിച്ചിരിക്കുന്നത്. ഇവരുടെ താമസം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ കമ്പനി നൽകും. വിശ്വാസപരമായ പ്രശ്നമുള്ളതിനാൽ ബീഫ് ഒഴിവാക്കിയുള്ള ഭക്ഷണമാണ് ഇവർക്ക് നൽകുന്നത്. പ്രതിമാസ ശമ്പളമായി ഒരു ലക്ഷം റൂബിളും (ഏകദേശം 1.14 ലക്ഷം രൂപ) ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തൂപ്പുജോലിക്ക് പുറമെ കൃഷി, ഡ്രൈവിംഗ്, ആർകിടെക്ട്, എഞ്ചിനീയറിംഗ് തുടങ്ങിയ ജോലികൾക്കും നിരവധി ഇന്ത്യക്കാർ റഷ്യയിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബമ്പർ ലോട്ടറിയാകുമോ?
കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ളാദ്‍മിർ പുടിൻ ഇന്ത്യയുമായി 16 കരാറുകളിൽ ഒപ്പിട്ടിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിദഗ്‍ധ ജോലിക്കാരായ ഇന്ത്യക്കാർക്ക് നിയമപരമായി റഷ്യയിൽ ജോലിക്ക് പോകാൻ അവസരം ഒരുക്കുന്ന ഒന്നായിരുന്നു. ഐടി, നിർമാണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിരവധി ഇന്ത്യക്കാർക്ക് റഷ്യയിൽ തൊഴിൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ജനസംഖ്യയിലെ കുറവും യുക്രെയ്ൻ യുദ്ധവും മൂലം തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്ന റഷ്യയ്ക്കും കരാർ ഏറെ ഗുണം ചെയ്യും.ഇതിനോടകം 60,000 ഇന്ത്യൻ തൊഴിലാളികൾ റഷ്യയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഉദാരമായ തൊഴിൽ നയങ്ങളും മികച്ച ശമ്പളവും ആകർഷിക്കുന്നുണ്ടെങ്കിൽ പോലും റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് പോലുള്ള സംഭവങ്ങൾ ആശങ്കയാണെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.














