തെരുവുനായയുടെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനവല്ലി കോട്ടയ്ക്കല്‍ എസ്റ്റേറ്റ് തൊഴിലാളി വര്‍ഗീസ് (62), പനവല്ലി ആദണ്ടക്കുന്നിലെ പുളിക്കല്‍ മാത്യു (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെ പനവല്ലി കപ്പിക്കണ്ടിയിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വര്‍ഗീസിനാണ് ആദ്യം കടിയേറ്റത്. സ്‌കൂള്‍ വാഹനമോടിക്കുന്ന മാത്യു കുട്ടികളെ ഇറക്കാനായി എത്തിയപ്പോഴാണ് നായയുടെ കടിയേറ്റത്. മാത്യുവിന്റെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തെരുവുനായ ചത്തു. പ്രദേശത്തെ ഇരുപതോളം വളര്‍ത്തുമൃഗങ്ങള്‍ക്കു ഇതേ തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പലരും നായയുടെ മുന്നിലകപ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വര്‍ഗീസിനും മാത്യുവിനും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി.മാത്യുവിന്റെ വലതുകൈയ്ക്കും ഇടതുകൈപ്പത്തിക്കുമാണ് പരിക്ക്. ഇടതുകാലിന്റെ പിന്‍വശത്ത് കടിയേറ്റ വര്‍ഗീസിനെ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തെരുവുനായയുടെ കടിയേറ്റ വളര്‍ത്തുനായയുടെ കടിയേറ്റ് പനവല്ലിയിലെ കാഞ്ഞിരത്തിങ്കല്‍ അമലും ആശുപത്രിയില്‍ ചികിത്സതേടി.














