Listen live radio

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവുണ്ടായ പശ്ചാത്തലത്തിലാണ് കെഎസ്ഇബി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വൈകീട്ട് 6.30നും 11.30നും ഇടയില്‍ പതിനഞ്ച് മിനിറ്റ് നേരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയന്ത്രണം രണ്ടു ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

രാജ്യത്തെ 40-ഓളം താപ വൈദ്യുത നിലയങ്ങളില്‍ കല്‍ക്കരിയുടെ താല്‍ക്കാലിക കുറവു നിമിത്തം പീക്ക് സമയത്ത് നിരക്കുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 2 ദിവസമായി സംസ്ഥാനത്ത് വൈകീട്ട് 6 മണിയ്ക്കും 11 മണിയ്ക്കും ഇടയില്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവില്‍ മധ്യപ്രദേശ്, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ട്. വോള്‍ട്ടേജ് നിയന്ത്രണം വഴിയും വിതരണ നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്തിന്റെ കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം  നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്. രണ്ടുദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കെഎസ്ഇബി പ്രതീക്ഷ പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് നഗരപ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല. ആശുപത്രി ഉള്‍പ്പെടെ അവശ്യസേവന മേഖലയെ ഒഴിവാക്കിയാണ് നിയന്ത്രണം. ചൂട് വര്‍ധിച്ചതോടെ കേരളത്തില്‍ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡിട്ടിരുന്നു.

Leave A Reply

Your email address will not be published.