Listen live radio

കനത്ത മഴ തുടരുന്നു: കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്; ദുരന്ത നിവാരണസേന ഇറങ്ങുംകനത്ത മഴ തുടരുന്നു: കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്; ദുരന്ത നിവാരണസേന ഇറങ്ങും

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുകയാണ്. വടക്കന്‍ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്നാട് മുതല്‍ മധ്യപ്രാദേശിന് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ, അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലും തൃപ്പൂണിത്തുറയിലും കോഴിക്കോട് നഗരത്തിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

കൊച്ചി നഗരത്തിലാണ് രൂക്ഷമായ മഴക്കെടുതി അനുഭവപ്പെടുന്നത്. കൊച്ചിയിലെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും വീടുകളില്‍ വെള്ളം കയറി. തൃപ്പുണിത്തുറയില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എംജി റോഡ്, കലൂര്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. പശ്ചിമ കൊച്ചിയിലും പലയിടത്തും വെള്ളം കയറി.

കൊച്ചിയിലെ വെള്ളക്കെട്ട് മേഖലകളില്‍ ദുരന്ത നിവാരണസേന ഇറങ്ങും. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. ഇതിനിടെ, ജലനിരപ്പ് ഉയര്‍ന്നതിനേ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 50 സെന്‍റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. കോട്ടയം ജില്ലയിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മീനച്ചില്‍ മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്.

കോഴിക്കോട് രാത്രി തുടങ്ങിയ മഴ രാവിലേയും തുടര്‍ന്നതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ രാവിലേയും തുടരുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി നെടുംകണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കൊമ്പയാര്‍ സ്വദേശി സുരേഷിന്‍റെ വീടിന് മുകളിലേക്കാണ് മരം വീണത്. സുരേഷും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴാണ് മരം വീണതെങ്കിലും ആര്‍ക്കും പരിക്കില്ല.

Leave A Reply

Your email address will not be published.