Listen live radio

ഗ്യാന്‍വാപി: ഇന്ന് ഉത്തരവ് പുറപ്പെടുവിക്കരുത്; വാരണസി കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം, കേസ് നാളത്തേക്ക് മാറ്റി

after post image
0

- Advertisement -

ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പരാതിക്കാരുടെ അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. ഗ്യാന്‍വാപി സര്‍വെയുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കരുത് എന്ന് സുപ്രീംകോടതി വാരണസി സിവില്‍ കോടതിയോട് നിര്‍ദേശിച്ചു.

 

ഗ്യാന്‍വാപി സര്‍വെയുമായി ബന്ധപ്പെട്ട കേസ് കീഴ്‌ക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ടെന്നും അത് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടണമെന്നുമുള്ള മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയെ തുടര്‍ന്നാണ് വാരണസി കോടതിയോട് വിധി പുറപ്പെടുവിക്കരുത് എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.

‘കേസ് നാളെ പരിഗണിക്കും. എതിര്‍ കക്ഷികള്‍ക്ക് ആശങ്കയുള്ളതിനാല്‍ വിചാരണ കോടതിയെ ഇന്ന് സമീപിക്കരുത്’- എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിനിനോട് വ്യക്തമാക്കി. കേസില്‍ പങ്കുചേര്‍ന്നിട്ടുള്ള മറ്റൊരു അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ അസുഖ ബാധിതനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കല്‍ മാറ്റിവയ്ക്കണമെന്ന് വിഷ്ണു ശങ്കര്‍ ജെയിന്‍ ആവശ്യപ്പെട്ടത്.

‘സുപ്രീംകോടതി ക്രമീകരണങ്ങള്‍ അനുസരിച്ച് മാത്രമേ വിചാരണക്കോടതി പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഇന്ന് ഒരു ഉത്തരവും പുറപ്പെടുവിക്കരുത് എന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു’ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.

ജസ്റ്റിസുമായ ഡി വൈ ചന്ദ്രചൂഢ്, സൂര്യകാന്ത്, പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഗ്യാന്‍വാപി വീഡിയോ സര്‍വെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്.

ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന സ്ഥലം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി പതിനേഴിന് ഉത്തരവിട്ടിരുന്നു. അതേസമയം, ഉത്തരവ് ഒരു തരത്തിലും മുസ്ലിംകളെ നമസ്‌കാരത്തിനോ മതപരമായ അനുഷ്ഠാനങ്ങള്‍ക്കോ പള്ളിയിലേക്കുള്ള പ്രവേശനത്തെയോ തടസ്സപ്പെടുത്തുന്നതല്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. പള്ളിയുടെ സംരക്ഷണം ജില്ലാ മജിസ്ട്രേറ്റിനാണെന്നും ബെഞ്ച് വ്യക്തമാക്കി.

ഗ്യാന്‍വാപി മസ്ജിദില്‍ പരിശോധന നടത്താനായി വിചാരണ കോടതി അഭിഭാഷകന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയം ഇന്നു കഴിയാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്.

സര്‍വെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അഭിഭാഷ കമ്മീഷണര്‍ അജയ് മിശ്രയെ വാരണാസി കോടതി മാറ്റിയിരുന്നു. അഭിഭാഷക കമ്മീഷനില്‍ അംഗമായ മറ്റു രണ്ട് അഭിഭാഷകര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടുദിവസത്തെ സമയം അനുവദിച്ചു. റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നും കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമയം നീട്ടി നല്‍കിയത്.

Leave A Reply

Your email address will not be published.