Kerala

വനിതാ മാധ്യമപ്രവർത്തകർക്ക് ‘നോ എൻട്രി’: അഫ്ഗാൻ വാർത്താസമ്മേളനത്തിൽ വിവാദം

ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്കു പ്രവേശനം ലഭിച്ചില്ലെന്ന വിവാദത്തിൽ ഇടപെടാതെ കേന്ദ്രം. അഫ്ഗാൻ ഭരണകൂടമാണു വാർത്താസമ്മേളനം വിളിച്ചതെന്നും അതിൽ ഇന്ത്യയ്ക്കു പങ്കൊന്നുമില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. വാർത്താസമ്മേളനത്തിന്റെ ക്ഷണക്കത്ത് അയച്ചത് മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ ആണ്. അഫ്ഗാൻ എംബസി ഇന്ത്യയുടെ നിയന്ത്രണത്തിലല്ലെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

വാർത്താസമ്മേളനത്തിനെത്തിയ ചില വനിതാ മാധ്യമപ്രവർത്തകരെ അകത്തേക്കു കടത്തിവിട്ടില്ല. വാർത്താ സമ്മേളനത്തിനു പിന്നാലെ തന്നെ പല മാധ്യമപ്രവർത്തകരും സമൂഹമാധ്യമത്തിലൂടെ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. വനിതാ മാധ്യമപ്രവർത്തകർ ഡ്രെസ് കോഡ് ധരിച്ചിരുന്നുവെങ്കിലും പ്രവേശനം നിഷേധിച്ചുവെന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

അതേസമയം, സംഭവത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാധ്ര ആവശ്യപ്പെട്ടു. ഇന്ത്യയിലെ വനിതകൾക്ക് അപമാനമാണെന്നും അവർ എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരവും വിമർശനവുമായി രംഗത്തെത്തി. പുരുഷന്മാരായ മാധ്യമപ്രവർത്തകർ വാർത്താ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കെതിരെ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവരാണ് താലിബാൻ. സ്ത്രീകൾ ജോലിചെയ്യാൻ പാടില്ലെന്നു നിഷ്കർഷിക്കുന്ന താലിബാൻ അഫ്ഗാനിലെ സർവകലാശാലകളിൽ വനിതകൾ എഴുതിയ പസ്തകങ്ങൾ നിരോധിച്ചിരുന്നു. സർവകലാശാലകളിൽനിന്ന് ജെൻഡർ ആൻഡ് ഡെവലപ്മെന്റ്, വിമൻസ് സോഷ്യോളജി, മനുഷ്യാവകാശം, അഫ്ഗാൻ കോൺസ്റ്റിറ്റ്യൂഷനൽ ലോ, ഗ്ലോബലൈസേഷൻ ആൻഡ് ഡെവലപ്മെന്റ് തുടങ്ങിയ 18 കോഴ്സുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.