Kerala

സിസിടിവി കണ്ടു; മോഷ്ടാവിന് ‘മീശമാധവൻ’ പുരസ്കാരം നൽകി കടയുടമ; കിട്ടിയത് വലിയ പണി

തിരുവനന്തപുരം∙ തിരക്കുള്ള കടയില്‍നിന്ന് അതിവിദഗ്ധമായി സാധാനങ്ങള്‍ അടിച്ചു മാറ്റിയ മോഷ്ടാവിനെ തേടിപ്പിടിച്ച് ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി ആദരിച്ച് കടയുടമ. കടയില്‍ ആളുള്ളപ്പോള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ സാധനം അടിച്ച് മാറ്റുന്നവരുടെ കഷ്ടപ്പാടിനെ ‘ബഹുമാനിക്കുകയും’, ‘അംഗീകരിക്കുകയും’ ചെയണമെന്നാണ് കടയ്ക്കാവൂരിലെ ബേക്കറി ഉടമയുടെ നിലപാട്. എന്തായാലും സാധനങ്ങള്‍ അടിച്ചുമാറ്റിയ ആളിന് കിട്ടിയത് എട്ടിന്റെ പണിയാണ്. ഇനി മേലില്‍ ഒരു സാധനം വഴിയില്‍ കിടന്നു കിട്ടിയാല്‍ പോലും എടുക്കില്ല.

കഴിഞ്ഞ ദിവസം മാന്യമായ വസ്ത്രം ധരിച്ച് കടയിലെത്തിയ യുവാവ് സാധനങ്ങള്‍ തിരയുന്നതിനിടെയാണ് 500 രൂപയോളം വിലവരുന്ന സാധനം കൈക്കലാക്കിയത്. ആരുമറിഞ്ഞില്ലെന്നാണ് ഇയാള്‍ കരുതിയതെങ്കിലും എല്ലാം വിശദമായി സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീടാണ് കടയുടമ ദൃശ്യങ്ങള്‍ കണ്ടത്. പൊലീസില്‍ അറിയിക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഒരിക്കലും മറക്കാത്ത ഒരു സമ്മാനം മോഷ്ടാവിന് നല്‍കുന്നതിനെക്കുറിച്ചുള്ള വേറിട്ട ചിന്ത ഉടലെടുത്തത്. തുടര്‍ന്ന് സിസിടിവിയില്‍നിന്നു കിട്ടിയ ചിത്രം പതിപ്പിച്ച് ഒരു ഫലകം തയാറാക്കി.

ഒരു പൊന്നാടയും വാങ്ങി. രാവിലെ തന്നെ ഭാര്യയെ ഒപ്പം കൂട്ടി യുവാവിന്റെ വീട് തേടിപ്പിടിച്ച് അവിടെ എത്തി. ‘ജാംഗോ നീയറിഞ്ഞോ, ഞാന്‍ പെട്ടു’ എന്ന അവസ്ഥയില്‍നിന്ന യുവാവിനെ പൊന്നാട അണിയിച്ച് ഫലകവും കൈമാറി. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും എടുക്കുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിപ്പോയെന്ന് യുവാവ് പറയുന്നതും അത് സാരമില്ലെന്ന് ഉടമ മറുപടി പറയുന്നതും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിലുണ്ട്. കടവും വായ്പയും എടുത്താണ് കട നടത്തുന്നത്. അതിനിടയില്‍ ആളുകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് കടയുടമ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.