Listen live radio
- Advertisement -
ന്യൂഡൽഹി: ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. സർക്കാർ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവാഹസർട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂവെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി. നാഗരത്‌ന എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. പരാതിക്കാരിയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും പ്രതിയെന്നാരോപിക്കുന്ന ആളും പെൺകുട്ടിയും ആര്യസമാജത്തിൽ വിവാഹിതരായതാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട അധികൃതരിൽനിന്നുള്ള ശരിയായ വിവാഹസർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിച്ചു.
ആര്യസമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യപ്രതിനിധിസഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാൻ അധികാരമുണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീലുള്ള കാര്യവും ബെഞ്ച് പരാമർശിച്ചു. ഹൈക്കോടതിവിധി സ്റ്റേചെയ്ത് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈയിടെ ഉത്തർപ്രദേശിൽ ആര്യസമാജ് ക്ഷേത്രത്തിൽ മുഖ്യൻ വിവാഹസർട്ടിഫിക്കറ്റ് നൽകിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു.