കോഴിക്കോട് ∙ ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) കുത്തേറ്റ് മരിച്ചത്. പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി.