തിരുവനന്തപുരം: വലിയ വാഹനങ്ങളിലെ എയര്‍ഹോണ്‍ ദുരുപയോഗം തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന നിരീക്ഷിക്കാന്‍ സൂപ്പര്‍ ചെക്കിങ് സ്‌ക്വാഡിനെ നിയോഗിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡ് ഉദ്യോഗസ്ഥരും സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് ഇറങ്ങും.
സ്വകാര്യ ബസുകളില്‍ എയര്‍ഹോണ്‍ ഉപയോഗം വ്യാപകമായ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. ഫീല്‍ഡ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുക സ്‌ക്വാഡിന്റെ ചുമതലയാണ്.
ഓഫീസ് പരിധിയിലുള്ള റൂട്ട് ബസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നടപടിയെടുക്കണം. പരിശോധന നടത്തിയ വാഹനങ്ങളില്‍ സ്‌ക്വാഡ് സൂപ്പര്‍ ചെക്കിങ് നടത്തും. ഈ വേളയില്‍ എയര്‍ഹോണുകള്‍ കണ്ടെത്തിയാല്‍ ആദ്യം വാഹനം പരിശോധിച്ച ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കി വകുപ്പുതല ശിക്ഷാനടപടി എടുക്കും.ഓഫീസ് പരിധിയിലുള്ള റൂട്ട് ബസുകളുടെ മേല്‍നോട്ടച്ചുമതല ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചുനല്‍കാനും നീക്കമുണ്ട്. ഈ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുകയും നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. നേരത്തേ ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ വ്യാപകമായപ്പോഴും ഇത്തരത്തില്‍ ചുമതല വീതിച്ചുനല്‍കിയിരുന്നു.
വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ തിങ്കളാഴ്ച മുതല്‍ 19-ാം തീയതി വരെയാണ് എയര്‍ ഹോണ്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി.അനുമതിയില്ലതെ വയ്ക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തുക മാത്രല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി തകര്‍ക്കണമെന്ന തരത്തിലാണ് നിര്‍ദേശം. ഇതിന്റെ ജില്ലാതല കണക്കുകളും നിത്യേനെ കൈമാറണം. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.