Kerala

ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവന്‍ വെപ്പിക്കാവോ..

കണ്ണൂര്‍: വഴിയരികില്‍ പരിക്കേറ്റ് കിടന്ന കിളിക്കുഞ്ഞിന് ചികിത്സ നല്‍കാന്‍ ഡോക്ടറെ സമീപിച്ച നാലാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം. കണ്ണൂര്‍ ഇരിക്കൂര്‍ ഉപജില്ലയിലെ ശാരദ വിലാസം എയുപി സ്‌കൂളിലെ നാലാം ക്ലാസുകാരനായ ജനിത്ത് ആണ് മനുഷ്യത്വത്തിന്റെ പുതിയ മുഖമാകുന്നത്. വഴിയില്‍ നിന്നും കിട്ടിയ കിളിക്കുഞ്ഞുമായി സമീപത്തെ ഹോമിയോ ആശുപത്രിയിലേക്ക് ആയിരുന്നു ജനിത്ത് എത്തിയത്. ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവന്‍ വെപ്പിക്കാവോ… എന്ന ആവശ്യവുമായി എത്തിയ ജനിത്തിന്റെ ഫോട്ടോ ഡോക്ടര്‍ തന്നൊണ് പകര്‍ത്തിയത്.

ജനിത്തിന്റെ ഇടപെടലിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും പങ്കുവച്ചു. ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ ആ നിമിഷമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ വിജയമെന്നും വി ശിവന്‍ കുട്ടി ജനിത്തിനുള്ള അഭിനന്ദന കുറിപ്പില്‍ പറഞ്ഞു. പാഠപുസ്തകങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെയും കരുണയുടെയും വലിയ പാഠങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു.

വി ശിവന്‍കുട്ടിയുടെ പോസ്റ്റ് പൂര്‍ണരൂപം-ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവന്‍ വെപ്പിക്കാവോ…??ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല, ഈ വാര്‍ത്തയറിഞ്ഞ ഓരോ മലയാളിയുടെയും ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. കണ്ണൂര്‍ ഇരിക്കൂര്‍ ഉപജില്ലയിലെ ശാരദ വിലാസം എ.യു.പി. സ്‌കൂളിലെ നാലാം ക്ലാസുകാരനായ പ്രിയപ്പെട്ട ജനിത്ത്, വഴിയരികില്‍ പരിക്കേറ്റ് കിടന്ന ഒരു കിളിക്കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.ഉപേക്ഷിച്ചു പോകാന്‍ ആ കുഞ്ഞുമനസ്സിന് കഴിഞ്ഞില്ല. ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ ആ നിമിഷമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ വിജയം. പാഠപുസ്തകങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെയും കരുണയുടെയും വലിയ പാഠങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. ജീവജാലങ്ങളോടുള്ള ഈ സഹാനുഭൂതിയും കരുതലും ഓരോ വിദ്യാര്‍ത്ഥിയുടെയും മനസ്സില്‍ വിരിയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ഈ നന്മ തിരിച്ചറിഞ്ഞ് ആ ഹൃദയസ്പര്‍ശിയായ നിമിഷം ക്യാമറയില്‍ പകര്‍ത്തി സ്‌കൂള്‍ അധികൃതരെ അറിയിച്ച ഡോക്ടര്‍ക്കും, ഈ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ശാരദ വിലാസം എ.യു.പി. സ്‌കൂളിലെ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.പ്രിയ ജനിത്തിന് ഹൃദയം നിറഞ്ഞ സ്‌നേഹാഭിനന്ദനങ്ങള്‍. മോനെയോര്‍ത്ത് ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്. നന്മയും സഹാനുഭൂതിയുമുള്ള ഒരു തലമുറ ഇവിടെ പഠിച്ചു വളരുന്നു എന്നതില്‍ നമുക്കേവര്‍ക്കും സന്തോഷിക്കാം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.