Kerala

സജിത കൊലക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, പിഴ

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് ചെന്താമര വിധി കേട്ടത്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3,25,000 രൂപ പിഴയും വിധിച്ചു.ചൊവ്വാഴ്ചയാണ് കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പൊലീസ് കണ്ടെത്തിയ കുറ്റങ്ങളെല്ലാം പ്രതി ചെയ്തുവെന്ന് ജഡ്ജ് പ്രസ്താവിച്ചു. ഭാവഭേദങ്ങള്‍ ഇല്ലാതെ വിധി കേട്ട ചെന്താമര, വിധിയെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു അന്ന് കോടതിയെ അറിയിച്ചത്. വിധിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും മൗനമായിരുന്നു ചെന്താമരയുടെ മറുപടി.2019 ഓഗസ്റ്റ് 31 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോയത്, സജിത കാരണമാണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ കയറി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സജിതയെ ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ സാഹസികമായി പിടികൂടി പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തില്‍ ഇറങ്ങി ചെന്താമര, പക തീരാതെ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി.

2020ല്‍ പൊലീസ് സജിത കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സാക്ഷിവിസ്താരം തുടങ്ങിയത്. കേസില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ചെന്താമരക്കെതിരായി കോടതിയില്‍ മൊഴി നല്‍കി. കൊലപാതകം നടന്നിടത്ത് നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും ലഭിച്ചതും കേസില്‍ നിര്‍ണായകമായിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം ജെ വിജയ് കുമാര്‍ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.