തിരുവനന്തപുരം∙ പാളയത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്വമേധയാ കേസെടുക്കാന്‍ പൊലീസ്. ഹോട്ടല്‍ അധികൃതരില്‍നിന്നു പൊലീസ് മൊഴിയെടുക്കും. ഏറ്റുമുട്ടലിന്റെ വിഡിയോ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. ഏറ്റുമുട്ടലും ഇതിനുശേഷം നഗരത്തിലുണ്ടായ ആക്രമണ പരമ്പരയും നിയന്ത്രിക്കുന്നതില്‍ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
18ന് രാത്രി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍നിന്നു കഷ്ടിച്ച് 400 മീറ്റര്‍ മാത്രം ദൂരമുള്ള ഹോട്ടലിലും 24 മണിക്കൂര്‍ പൊലീസ് പട്രോളിങ് നടത്തുന്ന എംജി റോഡിലും പൊലീസ് എയ്ഡ് പോസ്റ്റുള്ള ജനറല്‍ ആശുപത്രിയിലുമാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കുപ്രസിദ്ധ ഗുണ്ടയുടെ ഇടനിലക്കാരനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പാളയം സ്വദേശിയുടെ സംഘവും കൊലക്കേസിലും ലഹരിക്കേസുകളിലും പ്രതിയായ വലിയതുറ സ്വദേശിയുടെ സംഘവുമാണ് ഏറ്റുമുട്ടിയത്. കടകളില്‍ ഗുണ്ടാപ്പിരിവ് നടത്തുന്നതുമായി ബന്ധപ്പെട്ട കുടിപ്പകയാണു കാരണം.
ഒന്നര മണിക്കൂറോളം സംഘര്‍ഷം നീണ്ടിട്ടും ഒരാളെപ്പോലും പിടികൂടാതെ ഇരു സംഘങ്ങളില്‍പ്പെട്ടവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ആര്‍ക്കും പരാതിയില്ലെന്ന ഉറപ്പില്‍ വിട്ടയയ്ക്കുകയായിരുന്നു പൊലീസ് ചെയ്തത്. ഇരുമ്പ് കമ്പികൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റയാള്‍ ആദ്യം പരാതി നല്‍കിയെങ്കിലും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പരാതി പിന്‍വലിച്ചു. ഗുണ്ടാപ്പോര് പുറത്തായാല്‍ വിവാദമാകുമെന്നതിനാലാണ് പൊലീസ് സംഭവം രഹസ്യമാക്കിയത്.
ഹോട്ടലിലെ ആക്രമണത്തില്‍ ഹോട്ടല്‍ അധികൃതര്‍ക്കും പരാതിയില്ലെന്ന കാരണം പറഞ്ഞു കേസെടുത്തില്ല. റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി സംഘര്‍ഷം ഉണ്ടാക്കിയതിനും ആശുപത്രി വളപ്പില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയതിനും സ്വമേധയാ കേസ് എടുക്കാമായിരുന്നിട്ടും പൊലീസ് അതിനും തയാറായില്ല.