Kerala

എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതി, കുറ്റപത്രം സമർപ്പിച്ചു

ബത്തേരി: വയനാട് ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനാണ് ഒന്നാം പ്രതി.വയനാട് ഡി.സി.സി. മുൻ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും, കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ മൂന്നാം പ്രതിയുമാണ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവൻ ബത്തേരി ഡി.വൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫ് കുറ്റപത്രം സമർപ്പിച്ചത്.

നൂറോളം സാക്ഷിമൊഴികൾ, ബാങ്ക് ഇടപാട് രേഖകൾ, നേതാക്കൾ വിജയനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പുകൾ, വിജയന്റെ ഡയറിക്കുറിപ്പുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയെല്ലാം കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിജയന് ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.2024 ഡിസംബർ 24-നാണ് വിജയനെയും മകനെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 27-ന് ഇരുവരും മരിച്ചു. മരണത്തിന് ഉത്തരവാദികൾ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവരാണെന്ന് വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.