Kerala

പരാതി ഒത്തുതീര്‍ന്നു’; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കണം: നടി ലക്ഷ്മി മേനോന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി മേനോന്‍ ഹൈക്കോടതിയില്‍. കേസിന് കാരണമായ ഓഗസ്റ്റ് 25 ന് ഉണ്ടായ സംഘര്‍ഷം ഇരു കക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയെന്ന് അറിയിച്ചതിന് പിന്നാലെ നടിക്കും മറ്റ് പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്ന പരാതിക്കാരന്റെ നിലപാട് കണക്കിലെടുത്തായിരുന്നു കോടതി നടപടി.

ഇതിന് പിന്നാലെയാണ് എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ജസ്റ്റിസ് സി.എസ്. ഡയസിന്റെ മുന്നിലെത്തിയ വിഷയം നവംബര്‍ 7 ന് വീണ്ടും പരിഗണിക്കും. നടിയും പരാതിക്കാനരും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നെങ്കിലും കേസില്‍ പരാതിക്കാരന് പുറമെ മറ്റ് ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിലപാട് എടുത്തതോടെയാണ് കോടതി വിഷയം വിശദമായി പരിശോധിക്കാന്‍ മാറ്റിവച്ചത്.

കൊച്ചിയിലെ ബാനര്‍ജി റോഡിലെ വെലോസിറ്റി ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലും തട്ടിക്കൊണ്ടു പോകലിലും കലാശിച്ചത്. നടി ലക്ഷ്മി മേനോനും സുഹൃത്തുക്കളുമടങ്ങിയ സംഘം മറ്റൊരു സംഘവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരനും സുഹൃത്തുക്കളും കാറില്‍ ബാറില്‍ നിന്നും പുറത്തേക്ക് പോയി. ഈ കാറിനെ പിന്തുടര്‍ന്ന് നടിയടക്കമുള്ളവരുടെ സംഘം ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പറവൂര്‍ കവലയില്‍ ഇറക്കി വിട്ടുവെന്നാണ് പരാതി. നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ നടിക്കൊപ്പം ഉണ്ടായിരുന്ന രഞ്ജിത്, അനീഷ്, സോന മോള്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.