Listen live radio
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ബാഡ്മിന്റണ്‍ മിക്‌സഡില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ മലേഷ്യയോട് 1-3ന് തോറ്റതോടെയാണ് ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ അവസാനിച്ചത്.
ബാഡ്മിന്റണ്‍ മിക്‌സഡ് ഫൈനലില്‍ ആദ്യ മത്സരത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ് രാജുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. മലേഷ്യയുടെ ടെങ് ഫോങ് ആരോണ്‍ ചിയ, വൂയി എന്നിവരായിരുന്നു എതിരാളികള്‍. 21-18,21-15 എന്ന സ്‌കോറിന് മലേഷ്യ ആദ്യ കളി ജയിച്ചു.
രണ്ടാം മത്സരത്തില്‍ പി വി സിന്ധു ജയം പിടിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. മലേഷ്യയുടെ ജിന്‍ വെയ് ഗോഹുമായാണ് ഏറ്റുമുട്ടിയത്. 21-17ന് സിന്ധു ജയിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനോട് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് തോറ്റതോടെ ഇന്ത്യക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
21-19,6-21,21-16 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വീണത്. നാലാം മത്സരത്തില്‍ ട്രീസ ജോളി, ഗായത്രി ഗോപീചന്ദ്, മുരളീധരന്‍ തീന എന്നിവര്‍ മലേഷ്യന്‍ സഖ്യത്തെ നേരിട്ടെങ്കിലും രണ്ട് ഗെയിമിലും തോല്‍വിയിലേക്ക് വീണു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഈ ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. അന്ന് മലേഷ്യയെയാണ് ഫൈനലില്‍ വീഴ്ത്തിയത്.