Kerala

അവധിയെടുക്കാൻ വ്യാജ പിഎസ്‌സി ഹാള്‍ടിക്കറ്റ് ഹാജരാക്കി; കണ്ണൂരില്‍ പൊലീസ് ട്രെയിനിക്കെതിരെ അന്വേഷണം

കണ്ണൂർ: അവധി ലഭിക്കാൻ വേണ്ടി വ്യാജ പിഎസ്‌സി ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനിക്കെതിരെ വകുപ്പുതല അന്വേഷണം.കെഎപി നാലാം ബറ്റാലിയൻ റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബില്‍ കെവി ജിഷ്‌ണുവിനെതിരെയാണ് അന്വേഷണം. പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസറാണ് ജിഷ്‌ണുവിനെതിരെ ടൗണ്‍ പൊലീസ് സ്റ്രേഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ജിഷ്‌ണുവിനെ പരിശീലനത്തില്‍ നിന്ന് മാറ്റിനിർത്തി.ഒക്‌ടോബർ 16ന് നടന്ന പിഎസ്‌സിയുടെ സ്റ്റോർ കീപ്പർ പരീക്ഷ എഴുതാനായാണ് ജിഷ്‌ണുവിന് ഒരു ദിവസത്തെ അവധി അനുവദിച്ചത്. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജിഷ്‌ണുവിനോട് പരീക്ഷാ സെന്ററിലെ ഇൻവിജിലേറ്ററുടെ ഒപ്പും ഓഫീസ് സീലും പതിപ്പിച്ച ഹാള്‍ടിക്കറ്റ് ഹാജരാക്കാൻ കെഎപി ബറ്റാലിയൻ പരിശീലനകേന്ദ്രം മേധാവി ആവശ്യപ്പെട്ടു.

ഹാള്‍ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ രേഖാമൂലം വിശദീകരണം തേടി. തുടർന്ന് സുഹൃത്തായ ഉദ്യോഗാർത്ഥിയുടെ ഹാള്‍ടിക്കറ്റ് സംഘടിപ്പിച്ച്‌ അത് തിരുത്തി ജിഷ്‌ണു സ്വന്തം പേരിലാക്കി.പരീക്ഷ നടന്ന ചൊവ്വാഴ്‌ച ഹയർസെക്കൻഡറി സ്‌കൂളിലെ പിഎസ്‌പി പരീക്ഷാ ചീഫ് സൂപ്രണ്ടായ പ്രഥമാദ്ധ്യാപകന്റെ ഒപ്പും സീലും ഇതില്‍ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. ഇക്കാര്യം പരീക്ഷാ ചീഫ് സൂപ്രണ്ട് പിഎസ്‌സി ജില്ലാ ഓഫീസറെ അറിയിച്ചു.

പിഎസ്‌സി വിശദീകരണം തേടിയപ്പോള്‍ ഹാജരായ ജിഷ്‌ണു നടന്ന കാര്യങ്ങള്‍ എഴുതി നല്‍കി. പിഎസ്‌സി ജില്ലാ ഓഫീസർ ഇത് കെഎപി നാലാം ബറ്റാലിയൻ പരിശീലനകേന്ദ്രം മേധാവിക്ക് കൈമാറി. ഇതോടെയാണ് പരിശീലനത്തില്‍ നിന്ന് മാറ്റിനിർത്തിയത്.ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ എൻ ബിജുവിനെയാണ് വകുപ്പുതല അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. അടിയന്തരാവശ്യത്തിനല്ലാതെ അവധി ലഭിക്കില്ലെന്ന് മനസിലായതോടെയാണ് ജിഷ്‌ണു വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.