വയനാട്: സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടത്തിന് അപവാദമായി വയനാട്ടിലെ വണ്ടിക്കടവ് ഉന്നതി. 17 കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ 11 കുടുംബങ്ങൾക്കും സ്വന്തമായി ശൗചാലയമില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത് കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനപ്രദേശമാണ്.
കന്നാരംപുഴ മുറിച്ചുകടന്നുവേണം ഇവർക്ക് വനത്തിലേക്ക് പ്രവേശിക്കാൻ. മഴക്കാലത്ത് പുഴയിൽ ഒഴുക്ക് കൂടുമ്പോൾ ഈ യാത്രയും ദുഷ്കരമാകും. അപ്പോൾ പുഴയോരങ്ങളെയാണ് ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത്. ആനയും കടുവയുമെല്ലാം ഇറങ്ങുന്ന വനത്തിലേക്ക് സ്ത്രീകളും കുട്ടികളും ജീവൻ പണയം വെച്ചാണ് പോകുന്നത്. പലപ്പോഴും വീട്ടിലെ പുരുഷന്മാർ സ്ത്രീകൾക്ക് കാവലിരുന്ന ശേഷമാണ് ജോലിക്കു പോകുന്നത്.














