കോട്ടയം: തെള്ളകത്ത് ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. വീട്ടില്‍ നിന്ന് രണ്ടേ കാൽ പവൻ സ്വർണം നഷ്ടപ്പെട്ടു. 18,000 രൂപ വില വരുന്ന രണ്ട് പട്ട് സാരിയും കള്ളൻ കൊണ്ടുപോയി. സ്ഥലത്തില്ലാതിരുന്ന വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തെള്ളകം മാതാ ആശുപത്രിക്ക് സമീപം ഓള്‍ഡ് എംസി റോഡില്‍ തറപ്പേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിയായ അലക്‌സാണ്ടറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അലക്സാണ്ടറും കുടുംബവും കട്ടപ്പനയിലുള്ള ബന്ധു വീട്ടിലേക്ക് പോയത്. ദിവസങ്ങൾക്ക് ശേഷം തിരികെ വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടേ കാല്‍ പവന്റെ സ്വര്‍ണവും വില പിടിപ്പുള്ള രണ്ട് പട്ട് സാരിയും മോഷണം പോയതായി സ്ഥിരീകരിക്കുകയായിരുന്നു. 19.5 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്.
വീടിന്‍റെ പ്രധാന വാതില്‍ തകര്‍ന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും സാരിയുമാണ് നഷ്ടപ്പെട്ടത്. ഏറ്റുമാനൂര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക്ക് വിദഗ്ദ്ധരും പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിന്റെ മുൻഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത് എന്നാണ് പൊലീസിന്‍റെ നിഗമനം. വീട്ടിൽ നിന്നു മണം പിടിച്ച് ഓടിയ പൊലീസ് നായ സമീപത്തെ സ്വകാര്യ ഫ്ലാറ്റിലാണ് നിന്നത്.