ഭോപാൽ ∙ മക്കളുടെ വിവാഹ നിശ്ചയത്തിനു മുൻപ് ഒളിച്ചോടി പ്രതിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കൾ. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലെന്ന് മകനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കർഷകനോടൊപ്പം സ്ത്രീ താമസിക്കുന്നതായി കണ്ടെത്തി. കർഷകൻ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു. കാണാതായ സ്ത്രീയുടെ മകനുമായി അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്.
വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ, മാതാപിതാക്കൾ പ്രണയത്തിലാവുകയും ഒളിച്ചോടാൻ തീരുമാനിക്കുകയും ആയിരുന്നു. ‘‘45 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായതായി എട്ട് ദിവസം മുൻപാണ് പരാതി ലഭിച്ചത്. ഭർത്താവിനെയും പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ട് മക്കളെയും ഉപേക്ഷിച്ച് 50 വയസ്സുള്ള ഒരു കർഷകന്റെ കൂടെ ഇവർ പോയതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. മക്കളുടെ വിവാഹനിശ്ചയം ഇതുവരെ നടന്നിട്ടില്ല. എന്നാൽ ഒളിച്ചോടിയവർ ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്’’– ടൗൺ ഇൻസ്പെക്ടർ അശോക് പട്ടീദർ പറഞ്ഞു.
കാമുകനായ കർഷകനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച സ്ത്രീ, അദ്ദേഹത്തോടൊപ്പം താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുവരാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ തയ്യാറായില്ല.














