: മണിയങ്കോട് ശബരിമല ഇടത്താവളം യാഥാർത്ഥ്യമാകുന്നു. മണിയൻകോട്ടപ്പൻ ക്ഷേത്ര പരിസരത്ത് ആണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇടത്താവളം യാഥാർത്ഥ്യമാക്കിയത്. നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയാകും. 2018 ൽ ആണ് ഇടത്താവളത്തിന് തറക്കല്ലിട്ടത്. 2019ൽ നിർമ്മാണം തുടങ്ങി. മികച്ച സൗകര്യങ്ങളോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തർക്കാണ് ഇടത്താവളത്തിന്റെ ഗുണം കൂടുതലായും ലഭിക്കുക.
വിരിവെക്കാനും വിശ്രമിക്കാനുമുള്ള വിശാലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 57,000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള രണ്ട് കെട്ടിടങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. കുളിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും ഉള്ള സൗകര്യം ഇവിടെയുണ്ടാകും. ഒരേസമയം ആയിരത്തിലേറെ ഭക്തരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇടത്താവളം ആണ് നിർമ്മിച്ചിട്ടുള്ളത്. കിട്ടിയിൽ ഉൾപ്പെടുത്തി പതിമൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ശബരിമല ഇടത്താവളം യാഥാർത്ഥ്യമാക്കിയത്.














