Listen live radio

കുഷ്ഠരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

after post image
0

- Advertisement -

തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ചക്കാലം വീടുകളിലെത്തി രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നു. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍ എന്നിവയുള്ളവര്‍ അവഗണിക്കരുത്. നേരത്തെ ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിനായി. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കണം. അതിലൂടെ രോഗമുണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആളുകളിലും എത്തുന്ന വിധത്തിലാണ് കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുഷ്ഠ രോഗം അവഗണിക്കരുത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി രോഗമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ആശുപത്രികളില്‍ ഗുണമേന്മ ഉറപ്പാക്കി മികച്ച സേവനമൊരുക്കുകയാണ് ആര്‍ദ്രം രണ്ടിലൂടെ ലക്ഷ്യമിടുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുക, മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്നിവയും ലക്ഷ്യമിടുന്നു. രോഗ പ്രതിരോധത്തിനും വലിയ പ്രാധാന്യമുണ്ട്. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ജനകീയ കാമ്പയിനും നടപ്പിലാക്കി വരുന്നു.

മെഡിക്കല്‍ കോളേജുകളില്‍ തിരക്ക് കുറയ്ക്കുന്നതിനായി റഫറല്‍ സമ്പ്രദായം നടപ്പിലാക്കി വരുന്നു. ഇതിനായി റഫറല്‍ പ്രോട്ടോകോള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ആശുപത്രികളെ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ വി.ആര്‍. വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാരായ ഡോ. കെ.വി. നന്ദകുമാര്‍, ഡോ. കെ. സക്കീന, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജമീല ശ്രീധരന്‍, അഡീ. ഡി.എം.ഒ. ഡോ. എസ്. അനില്‍കുമാര്‍ പേരൂര്‍ക്കട ആശുപത്രി സൂപ്രണ്ട് ഡോ. എ.എല്‍. ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ഡപ്യൂട്ടി ഡി.എം.ഒ ഡോ. എസ്. ഷീല, സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ. സിന്ധു ശ്രീധരന്‍, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍ അജയ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.