വയനാട്: ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ കാർ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.വയനാട് ബത്തേരി കല്ലൂരില്‍ വച്ചാണ് വാഹനം തട്ടിക്കൊണ്ടുപോയത്. മുള്ളൻകൊല്ലി പാടിച്ചിറയില്‍ വാഹനം നശിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ ദേശീയപാതയില്‍ നൂല്‍പ്പുഴ കല്ലൂർ പാലത്തിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി സിഎസ് സന്തോഷ് കുമാർ (53), ഡ്രൈവർ ബാലുശേരി സ്വദേശി ജിനീഷ് (38) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ബിസിനസ് ആവശ്യത്തിനായി ബെംഗളൂരുവില്‍ പോയശേഷം മടങ്ങി വരികയായിരുന്നു ഇവർ.പാലത്തിന് സമീപം ഇവർ വാഹനത്തിന്റെ വേഗം കുറച്ചപ്പോള്‍ നമ്ബർ പ്ലേറ്റ് ഇല്ലാത്ത ഇന്നോവ കാറിലെത്തിയ അക്രമി സംഘം ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. ചില്ല് തകർത്ത് ഡോർ തുറന്ന് ഡ്രൈവറെ പുറത്തിറക്കിയ അക്രമി സംഘം സന്തോഷ് കുമാറിനെ കാറില്‍ നിന്ന് ഇറക്കി മർദ്ദിച്ച് കാറില്‍ കയറ്റാൻ ശ്രമിച്ചു.എന്നാല്‍ ഇരുവരും റോഡില്‍ കിടന്നതോടെ അക്രമി സംഘം ശ്രമം ഉപേക്ഷിച്ച് ഇവരുടെ കാറുമായി കടന്നുകളയുകയായിരുന്നു.
10 മിനിറ്റിന് ഉള്ളിലാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് സന്തോഷ് കുമാർ പറഞ്ഞു. എട്ടോളം പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതുവഴി വന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവറുടെ സഹായത്തോടെയാണ് ബത്തേരി പോലീസില്‍ വിവരം അറിയിച്ചത്.ബുധനാഴ്ച രാവിലെ ആറ് മണിയോടെ മുള്ളൻകൊല്ലി തറപ്പത്ത് കവല ഭാഗത്ത് വാഹനം നശിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ പിൻഭാഗവും ഉള്‍ഭാഗവും കുത്തിക്കീറി നശിപ്പിച്ച നിലയിലായിരുന്നു. ബാഗ്, ലാപ്ടോപ്പ്, ഡയറി, വിലകൂടിയ മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു.പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഴല്‍പ്പണം, സ്വർണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഘത്തെ തിരിച്ചറിയാൻ സാധിച്ചതായാണ് വിവരം. കുഴല്‍പ്പണം കടത്തുന്ന വാഹനമാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് കരുതുന്നതെന്ന് പോലീസ് പറയുന്നു.വാഹനത്തില്‍ പണവും സ്വർണവും വയ്ക്കാൻ സാധ്യതയുള്ള ഭാഗങ്ങളാണ് കുത്തിക്കീറിയിരിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി വാഹനത്തില്‍ നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ബത്തേരി ഡിവൈഎസ്പി അറിയിച്ചു.














