Listen live radio

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5604 കോടിയുടെ വായ്പാ വിതരണം

2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ലീഡ് ബാങ്ക് തയ്യാറാക്കിയ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പ്രകാശനം ചെയ്യുന്നു.

after post image
0

- Advertisement -

കൽപറ്റ: ലീഡ് ബാങ്കിന്റെ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാന്‍ പ്രകാശനം ചെയ്തു. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 5604 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാര്‍ഷിക പ്ലാനിന്റെ 102 ശതമാനം വായ്പയാണ് ഇതിനകം വിതരണം ചെയ്തത്. ഇതില്‍ 3367 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 620 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 770 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയില്‍ 4757 കോടി രൂപ മുന്‍ഗണന മേഖലയ്ക്കാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ അറിയിച്ചു. മൂന്നാം പാദത്തില്‍ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 9290 കോടിയായി വര്‍ധിച്ചു. നിക്ഷേപം 7136 കോടിയാണ്.ജില്ലയിലെ ബാങ്കുകളുടെ 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. ആസ്പിറേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ തീമില്‍ ജനുവരി മാസത്തെ ഡെല്‍റ്റ റാങ്കിങ്ങ് ലഭിച്ചതില്‍ ജില്ലയിലെ ബാങ്കുകളെ കളക്ടര്‍ അനുമോദിച്ചു. ജില്ലയുടെ 2023-24 സാമ്പത്തിക വര്‍ഷത്തിലേക്ക് ലീഡ് ബാങ്ക് തയ്യാറാക്കിയ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. 7000 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 4500 കോടി കാര്‍ഷികമേഖലയ്ക്കും, 900 കോടി സൂക്ഷ്മ ചെറുകിട വ്യവസായത്തിനും, 1000 കോടി മറ്റ് മുന്‍ഗണനാ വിഭാഗത്തിനും നീക്കിവെച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍ കണ്‍വീനറായി സംഘടിപ്പിച്ച അവലോകന യോഗത്തിന് ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജറുമായ പ്രദീപ് മാധവന്‍, നബാര്‍ഡ് ജില്ലാ ഡെവലപ്പ്മെന്റ് മാനേജര്‍ വി. ജിഷ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ മുഴുവന്‍ ബാങ്ക് പ്രതിനിധികളും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും പങ്കെടുത്തു.

Leave A Reply

Your email address will not be published.