Kerala

ഹൈക്കോടതി ഉത്തരവ് മറികടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഗുരുവായൂർ∙ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ ജസ്ന സലീം എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മുൻപും ജസ്ന റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഓഗസ്റ്റ് 28നാണ് റീൽസ് ചിത്രീകരിച്ചത്. സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് പരാതി നൽകിയത്.

ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് ജസ്ന. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് കൊയിലാണ്ടി സ്വദേശിനി ജസ്നക്കെതിരെ ഏപ്രിലിൽ പൊലീസ് കേസെടുത്തിരുന്നു.

ജസ്ന മുൻപ് ക്ഷേത്രനടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി നിർദേശം നൽകി. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഈ വിലക്ക് നിലനിൽക്കുമ്പോഴാണ് വീണ്ടും ചിത്രീകരണം നടത്തിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.