Listen live radio

പ്രവാസികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന് പി.പി.സുനിർ

after post image
0

- Advertisement -

അതീവ പ്രയാസകരമായ അനുഭവങ്ങളിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോകുന്നത്.ഒട്ടും പരിചിതമല്ലാത്ത സാഹചര്യം. അനിശ്ചിതത്വത്തിൻ്റെ വലിയ തിരശ്ശീല നമ്മെ വന്ന് മൂടിയിരിക്കുന്നു. 206 രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞ ഒരു മഹാമാരിയായി കോവിഡ് -19 മാറിയിരിക്കുകയാണ് .ശാസ്ത്രം ഈ സാഹചര്യത്തെയും മറികടക്കും.ഈ മഹാമാരിയെ അതിജീവിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന മുഴുവൻ മനുഷ്യരെയും വിശിഷ്യ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ ഹൃദയത്തിൽ ചേർത്തുനിർത്തുന്നു. ഈ ദുരിതത്തെ മാനവരാശി മറി കടക്കുക തന്നെ ചെയ്യും.
സാമ്പത്തിക ശാസ്ത്ര സാമൂഹിക മേഖകളിൽ എല്ലാം വലിയ പുരോഗതി ഉണ്ടാക്കി എന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ ഈ രോഗകാരിയായ വൈറസിനു മുന്നിൽ നിസ്സഹായരായി നില്ക്കുന്നു എന്നത് ഏറെ ശ്രദ്ധേയമത്രെ. ഇന്ത്യയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. എന്നാൽ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യത്ത് സാമൂഹിക വ്യാപനത്തിലേക്ക് ഇതുവരെ ഈ രോഗം എത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ടാണ് നാം പിടിച്ചു നില്ക്കുന്നത് എന്നത് വസ്തുതയാണ് .
വ്യത്യസ്ത സാഹചര്യങ്ങൾ നിലനില്ക്കുന്ന ഇന്ത്യയെ പോലെയൊരു രാജ്യത്ത് ഇത്തരം പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വലിയ പരീക്ഷണമാവും എന്ന കാര്യം ഉറപ്പാണ്. കേന്ദ്രത്തിലെയും വിവിധസംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങൾ പ്രതീക്ഷക്ക് ഒത്ത് ഉയരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ആരോഗ്യ പ്രവർത്തകരുടെയും സർക്കാർ ഏജൻസികളുടെയും നിർദ്ദേശങ്ങൾ ജനങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ ഇതിനോട് സഹകരിച്ചാൽ മാത്രമേ ഈ മഹാമാരിയെ നമുക്ക് പിടിച്ചുനിറുത്താൻ സാധിക്കുകയുള്ളു.
കേരളത്തിൽ കഴിഞ്ഞകാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ സംസ്ഥാന ഗവൺമെൻറ് മാതൃകാപരമായ രീതിയിൽതന്നെ ഈ പ്രശ്നത്തെയും അഭിമുഖീകരിച്ച് മുന്നോട്ടു പോവുകയാണ്. വിവിധ രാജ്യങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും പ്രശംസ പിടിച്ചുപറ്റുന്ന വിധത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നേറാൻ കേരളത്തിന് കഴിഞ്ഞു എന്നത് നിസ്തർക്കമാണ്. രോഗവ്യാപനത്തിൻ്റെ തോത് നിയന്ത്രിക്കാനും രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കേരളത്തിലെ ആരോഗ്യ വകുപ്പിന് സാധിക്കുന്നു എന്നത് അഭിമാനകരമാണ്. കേരളം പ്രതിബദ്ധതയോടെ കാത്തു പോരുന്ന പൊതുജനാരോഗ്യ മേഖലയുടെ ശക്തിയും , ആവശ്യകതയും തിരിച്ചറിയപ്പെടുന്ന അവസരം കൂടിയാണ് ഇത്.
ഏപ്രിൽ പതിനാലാം തീയതി വരെയുള്ള ലോക്ക് ഡൗൺ ആത്മാർത്ഥമായി പാലിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. തീർച്ചയായും കേരളത്തിന് ഈ രോഗവ്യാപനം തടഞ്ഞു നിർത്താൻ സാധിക്കും എന്ന് തന്നെയാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണിലെ നിബന്ധനകൾ പിൻവലിക്കുവാനും നമ്മുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കേരളത്തിലെങ്കിലും പെട്ടെന്ന് സാധിക്കുമെന്ന് തന്നെയാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.
ഈ പോസ്റ്റിന് ആധാരമായി ഇത്തരം വിഷയങ്ങളോട് ഒപ്പം തന്നെ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൂടി പങ്കുവെക്കുന്നു . വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കൊണ്ട് മലയാളികൾക്കിടയിൽ പ്രവാസികളുമായി ബന്ധപ്പെട്ട് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പ്രവാസികളാണ് ഈ രോഗവ്യാപനത്തിന് പ്രധാന കാരണക്കാർ – പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്നവർ – എന്ന വലിയൊരു വിമർശനം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ചില രാഷ്ട്രീയ നേതാക്കളും സാമുദായിക സംഘടനാ നേതാക്കളും ഇത്തരം വിമർശനമുന്നയിക്കുന്നു എന്നത് ഖേദകരമാണ്.
കേരള ഗവൺമെൻ്റും പ്രത്യേകിച്ച് മുഖ്യമന്ത്രി ഇത്തരം വിമർശനങ്ങൾ ശരിയല്ല എന്ന് പലവുരു വ്യക്തമാക്കിയതാണ്. പ്രവാസികൾ ഈ ഘട്ടത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ പ്രത്യേകം പറയേണ്ടതില്ലല്ലോ? അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയും ആവശ്യമായ പിന്തുണ നല്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാറിൻ്റെ ഉത്തരവാദിത്തമാണെന്ന് പ്രവാസി ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയ്ക്ക് ഓർമപെടുത്തുന്നു. കേരളത്തിലെ ഏതാണ്ട് 90% കുടുബങ്ങളും പ്രവാസികളെ ആശ്രയിച്ചു കൊണ്ട് ജീവിക്കുന്നവരാണ്.
പ്രവാസികൾ നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് എന്നത് ഒരു ഭംഗിവാക്കല്ല തന്നെ.
ലോക രാജ്യങ്ങളിലെല്ലാം പടർന്നു പിടിച്ച രോഗം ജി.സി.സി രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചു. അത് തീർച്ചയായും കേരളത്തെയും സ്വാധീനിക്കുക തന്നെ ചെയ്യും. അവിടെ രോഗം ബാധിച്ച മലയാളികളുടെ എണ്ണവും ഈ രാജ്യങ്ങളിൽ നിന്ന് രോഗം ബാധിച്ച് കേരളത്തിലെത്തിയ ആളുകളുടെ ശതമാന കണക്ക് വളരെ വലുതാണ്.
ഈ രാജ്യങ്ങളിൽ നിന്നും തിരിച്ച് വരുന്നവരിൽ പലർക്കും ..രോഗം ബാധിച്ചതിൻ്റെ കാരണം കണ്ടെത്തിയാൽ മാത്രമേ രോഗവ്യാപനം എങ്ങനെ നടന്നു എന്നറിയാൻ സാധിക്കുകയുള്ളു. വിമാന ത്തിൽ നിന്നോ എയർപോർട്ടുകളിൽ നിന്നോ രോഗവ്യാപനമുണ്ടായിട്ടുള്ളതാകാമെന്ന് ചില പ്രവാസി സുഹൃത്തുക്കൾ സംശയം പ്രകടിപ്പിക്കുന്നത് ഈ സംശയം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട് എന്ന് എനിക്കു തോന്നുന്നു.
നിത്യ കൂലിക്ക് വിദേശ രാജ്യങ്ങളിൽ പണിയെടുക്കുന്ന സാമ്പത്തികമായി ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളി പ്രവാസികൾ ഉണ്ട്. അവരെല്ലാം തന്നെ തിരിച്ചു നാട്ടിലേക്ക് വരാൻ കഴിയാതെ വരുമാനവും ഭക്ഷണവുമില്ലാതെ പട്ടിണി ആയി ജീവിക്കുന്ന സാഹചര്യമാണുള്ളത്. അതോടൊപ്പം രോഗത്തിൻ്റെ വലിയ ഭീഷണിയും നേരിടുന്നു. ഈസന്ദർഭത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട കേന്ദ്ര ഗവൺമെൻ്റിൻ്റെ നിഷ്ക്രിയത അപലപനീയമാണ്. സംസ്ഥാന ഗവൺമെൻ്റ് പ്രവാസികളുടെ ജീവിതദുരിതമകറ്റാനാവശ്യമായ നടപടികളെടുക്കാൻകേന്ദ്ര ഗവൺമെൻ്റിനോടു നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കണം. കേരളത്തിലെ ഗവൺമെൻറ് അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് അവരുടെ ക്ഷേമത്തിന് മുന്തിയ പരിഗണന കൊടുക്കുന്ന ഈ ഘട്ടത്തിൽ നമ്മുടെ നാടിനു വേണ്ടി വിദേശത്ത് ജോലി ചെയ്യുന്ന നമ്മുടെ സഹോദരന്മാരെ സംരക്ഷിക്കുക എന്ന പ്രാഥമികമായ ഉത്തരവാദിത്വം ഇനിയും വൈകാതെ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. അടിയന്തരമായി കേരള ഗവൺമെൻറ് ജിസിസി രാജ്യങ്ങളിലെ കോൺസുലേറ്റ് /എംബസിയുമാ ബന്ധപ്പെട്ട് കൊണ്ട് മലയാളികളായ പ്രവാസികളുടെ എണ്ണം എടുത്തു അവരുടെ സാഹചര്യം പരിശോധിക്കുവാനും രോഗ പരിശോധന നടത്തുവാനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുമുള്ള നടപടികളിലേക്ക് അടിയന്തരമായി കടക്കേണ്ടതുണ്ട്.
ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ അവിടെയൊന്നും നമ്മുടെ നാട്ടിലുള്ള ഐസൊലേഷൻ സംവിധാനമോ കോറ ൻ്റെയ്ൻ സംവിധാനമോ ചികിത്സ പരിശോധനകളോ ഇപ്പോഴും ആരംഭിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. അതുകൊണ്ട് ഈ രാജ്യങ്ങളിലെ സാമൂഹിക സാംസ്കാരിക സംഘടനകളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട്-ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ – അവരെയെല്ലാം കൂട്ടിയോജിപ്പിച്ചു കൊണ്ട് മലയാളികൾ അധിവസിക്കുന്ന ലേബർ ക്യാമ്പുകളിലെത്തി സ്ഥിതി വിലയിരുത്താനും അടിയന്തരമായി ചികിത്സാസഹായ സെല്ലുകൾ ആരംഭിച്ചു പ്രവാസികളുടെ ആരോഗ്യവും ജീവിതവും സുരക്ഷിതമാക്കാനുള്ള ചുമതല ഗവൺമെൻ്റ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് . അതോടൊപ്പം തന്നെ ഈ ലോക് ഡൗൺ പിൻവലിക്കുന്നതോടെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ള, രോഗവ്യാപനമുള്ള പ്രദേശങ്ങളിലെ മലയാളികൾക്ക് സാമ്പത്തിക മാനദണ്ഡങ്ങൾ പരിശോധിച്ചുകൊണ്ട് സൗജന്യമായ വിമാനയാത്ര ഉൾപ്പടെയുള്ള യാത്രാ സൗകര്യമൊരുക്കണമെന്നും .. പ്രവാസികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിയോടും സർക്കാരിനോടും കേരള പ്രവാസി ഫെഡറേഷനു വേണ്ടി അഭ്യർത്ഥിക്കുന്നു.

Leave A Reply

Your email address will not be published.