Listen live radio
കല്‍പ്പറ്റ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റ് നടത്തി. ആഗോള പങ്കാളിത്തത്തോടെയുള്ള നിക്ഷേപത്തിനും വികസനത്തിനും വഴിയൊരുക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള 2024ന്റെ ഭാഗമായാണ് ജില്ലാ സമ്മിറ്റ് സംഘടിപ്പിച്ചത്. സ്‌പോര്‍ട്‌സ് നയം, സ്‌പോര്‍ട്‌സ് സമ്പദ്‌വ്യവസ്ഥ എന്നിവയുടെ അവതരണവും ജില്ലയില്‍ നടപ്പാക്കേണ്ട കായികപദ്ധതികളുടെ പ്രാഥമിക രൂപരേഖ തയാറാക്കല്‍ സംബന്ധിച്ചു കൂടിയാലോചനയും സമ്മിറ്റില്‍ നടന്നു.
തദ്ദേശഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ദേശീയ-അന്തര്‍ദേശിയ കായിക താരങ്ങള്‍, പരിശീലകര്‍, കായിക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വകുപ്പുമേധാവികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചു.
വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാസ്റ്റര്‍ പ്ലാന്‍ കരട് തയാറാക്കി അന്താരാഷ്ട്ര സമ്മിറ്റില്‍ അവതരിപ്പിക്കാനും ഡിസംബര്‍ ആദ്യവാരം മുതല്‍ ത്രിതല പഞ്ചായത്ത്, നഗരസഭാതലങ്ങളില്‍ മൈക്രോ സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സമ്മിറ്റ് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ബാലകൃഷ്ണന്‍, ടി.എസ്. ദിലീപ്കുമാര്‍, എം.വി. വിജേഷ്, കെ.എ. അഫ്‌സത്ത്, കെ.ഇ. വിനയന്‍, പി.എം. ആസ്യ, ബാബു, പി.പി. റിനീഷ്, ഇ.കെ. രേണുക, ആഗ്നസ് റോസ്‌ന സ്റ്റെഫി, സുബി ബാബു, പ്ലാനിംഗ് ഓഫീസര്‍ മണിലാല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗങ്ങളായ എ.ഡി. ജോണ്‍, കെ.പി. വിജയ്, പി.കെ. അയൂബ്, സെക്രട്ടറി കെ.എസ്. അമല്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പനമരത്ത് നെറ്റ്‌ബോള്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് കായികതാരം മുഹമ്മദ് സിനാന്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു സ്വാഗതവും വൈസ് പ്രസിഡന്റ് സലിം കടവന്‍ നന്ദിയും പറഞ്ഞു.