അഹമ്മദാബാദ്: ഭാര്യക്ക് തെരുവുനായ്ക്കളോടുള്ള അമിതമായ അഭിനിവേശം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. തെരുവ് നായയെ ഫ്‌ളാറ്റിലേയ്ക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സമ്മര്‍ദ്ദം മൂലം തനിക്ക് ഉദ്ധാരണക്കുറവുണ്ടായതായും ഭര്‍ത്താവ് ആരോപിച്ചു. മാത്രമല്ല ഒരു റേഡിയോ ജോക്കിയെക്കൊണ്ട് പ്രാങ്ക് കോള്‍ ചെയ്യിപ്പിച്ച് ജോലി സ്ഥലത്തും സമൂഹത്തിലും നാണം കെടുത്തിയെന്നും വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ പറയുന്നു.
2006ലാണ് ദമ്പതികള്‍ വിവാഹിതരാകുന്നത്. ആദ്യം ഒരു തെരുവു നായയെ ഫ്‌ലാറ്റിലേയ്ക്ക് കൊണ്ടുവന്നു. ഇതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. പിന്നീട് കൂടുതല്‍ തെരുവുനായ്ക്കളെ കൊണ്ടുവന്നു. അവയ്ക്ക് വേണ്ടി പാചകം ചെയ്യാനും വൃത്തിയാക്കാനും നിര്‍ബന്ധിച്ചു. കിടക്കയില്‍ നായ്ക്കളെ കിടത്തി. ആ സമയത്ത് ഒരു നായ തന്നെ കടിച്ചുവെന്നും ഭര്‍ത്താവ് പറഞ്ഞു.
നായ്ക്കളുടെ സാന്നിധ്യം അയല്‍ക്കാരെ മുഴുവന്‍ ശത്രുക്കളാക്കുന്നതിന് കാരണമായി. ഭാര്യ ഒരു മൃഗാവകാശ സംഘടനയില്‍ ചേര്‍ന്നതിന് ശേഷമാണ് ഇത്രയും പ്രശ്‌നങ്ങള്‍ രൂക്ഷമായതെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ പറയുന്നു. മറ്റുള്ളവര്‍ക്കെതിരെ 2008ല്‍ ഭാര്യ ആവര്‍ത്തിച്ച് പരാതികള്‍ നല്‍കി. ആ സമയത്തൊക്കെ തന്നെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി. അത് നിരസിച്ചപ്പോള്‍ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണം.സമ്മര്‍ദ്ദം മൂലം തന്റെ മനഃസമാധാനം നശിപ്പിച്ചെന്നും അത് ഉദ്ധാരണക്കുറവിന് കാരണമായെന്നും ഭര്‍ത്താവ് പറയുന്നു. 2007 ഏപ്രില്‍ 1ന് ഭാര്യ ഒരു റേഡിയോ ജോക്കിയെക്കൊണ്ട് തന്റെ അവിഹിത ബന്ധത്തെക്കുറിച്ച് ഒരു പ്രാങ്ക് കോള്‍ ചെയ്യിപ്പിച്ചുവെന്നും ഇത് ജോലി സ്ഥലത്തും സമൂഹത്തിലും തന്നെ നാണം കെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഒടുവില്‍ സഹികെട്ട് ബംഗളൂരുവിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പക്ഷേ, ഭാര്യ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. 2017ല്‍ അഹമ്മദാബാദ് കുടുംബക്കോടതിയില്‍ ഭര്‍ത്താവ് വിവാഹമോചന കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഭര്‍ത്താവാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക്് തന്നെ പരിചയപ്പെടുത്തിക്കൊടുത്തതെന്നും നായ്ക്കളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഫോട്ടോയുള്‍പ്പെടെ തെളിവായി ഹാജരാക്കിക്കൊണ്ട് ഭാര്യയും വാദിച്ചു. 2024 ഫെബ്രുവരിയില്‍ കുടുംബക്കോടതി ഭര്‍ത്താവിന്‍രെ ഹര്‍ജി കുടുംബക്കോടതി തള്ളിക്കളഞ്ഞു. പ്രതി തന്നോട് ക്രൂരത കാണിച്ചെന്ന് തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെടുകയായിരുന്നു. പ്രാങ്ക് കോള്‍ ചെയ്തത് വിവാഹമോചനത്തിന് കാരണമായിരിക്കില്ലെന്നും കോടതി വിധിച്ചു.എന്നാല്‍ തിരിച്ചുപിടിക്കാനാവാത്ത വിധം വിവാഹബന്ധം തകര്‍ന്നതിനാല്‍ 15 ലക്ഷം രൂപ ജീവനാംശം നല്‍കാമെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. എന്നാല്‍ 2 കോടി രൂപ ജീവനാംശം വേണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്. ഡിസംബര്‍ 1ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൂടുതല്‍ വാദം കേള്‍ക്കുന്നതിന് ഹര്‍ജി മാറ്റിയിട്ടുണ്ട്.














