National

കുഞ്ഞിനെ കൊന്നാൽ വിവാഹം ഉടൻ നടക്കുമെന്ന് അന്ധവിശ്വാസം; 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്ന് സ്ത്രീകൾ, അറസ്റ്റ്

ജയ്പുർ∙ രാജസ്ഥാനിലെ ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു. കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ വിവാഹം ഉടൻ നടക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് സ്ത്രീകൾ ചേർന്ന് ഹീനകൃത്യം നടപ്പാക്കിയത്. ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് 4 പേരെയും അറസ്റ്റ് ചെയ്തു. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടിയുടെ മാതാവിനെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് സ്ത്രീകൾ കൊല നടത്തിയത്. പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബർ 24നാണ് ദമ്പതികൾക്കു കുഞ്ഞ് പിറന്നത്.

ഒരു സ്ത്രീ തന്റെ മടിയിൽ കുഞ്ഞിനെ പിടിച്ച് കിടത്തി എന്തോ ജപിക്കുന്നതായും മറ്റ് ചില സ്ത്രീകള്‍ ചുറ്റുമിരുന്ന് ജപത്തിൽ പങ്കുചേരുന്നതായുമുള്ള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. നാടോടി ദേവതയായ ഭേരുവിനെ ആരാധിച്ചിരുന്നവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ സ്ത്രീകൾ തന്റെ സഹോദരികളാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുറച്ചു നാളായി അവർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും വിവാഹാഭ്യർഥനകൾ മുടങ്ങിയതോടെ ദുരാചാരം നടത്തുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. വിവാഹം ഉടൻ നടക്കാൻ തന്റെ കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ മതിയെന്ന് അവർ വിശ്വസിച്ചിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.