മുംബൈ∙ സ്കൂളിൽ വൈകിയെത്തിയതിനു 100 തവണ ഏത്തമിടൽ ശിക്ഷ ഏറ്റുവാങ്ങിയ 6ാം ക്ലാസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. ഈ മാസം 8നാണ് രോഗിയായ കുട്ടിയെ അധ്യാപകൻ ശിക്ഷിച്ചത്. തുടർന്ന് ആരോഗ്യനില മോശമായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വസായ് സാത്തിവലി കുവരപ്പാടയിലെ ശ്രീ ഹനുമന്ദ് വിദ്യാമന്ദിറിൽ പഠിക്കുന്ന അൻഷിക ഗൗഡാണ് (12) മരിച്ചത്. ബാഗ് തൂക്കിയ നിലയിൽ മകളെ 100 തവണ ഏത്തമിടീപ്പിച്ച നടപടി മനുഷ്യത്വരഹിതമായിരുന്നെന്നും തുടർന്നാണു മകളുടെ ആരോഗ്യനില മോശമായതെന്നും മാതാവ് ആരോപിച്ചു.
അൻഷിക അടക്കം 5 കുട്ടികളെ അധ്യാപകൻ ശിക്ഷിച്ചിരുന്നെന്നും അന്വേഷണം വേണമെന്നും മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് സച്ചിൻ മോറെ ആവശ്യപ്പെട്ടു. അന്വേഷണം നടത്തുമെന്നു ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ പാണ്ഡുരംഗ് ഗലാങ്കെ വ്യക്തമാക്കി.














