National

മുഖംമൂടി കാട്ടി കടുവകളെ പേടിപ്പിക്കാൻ വനംവകുപ്പ്; നടപ്പാക്കുക സുന്ദർബൻസ് തീരത്ത് വിജയിച്ച പരീക്ഷണം

ബെംഗളൂരു∙ ജനവാസമേഖലകളിൽനിന്ന് കടുവകളെ അകറ്റാൻ വനംവകുപ്പ് മുഖംമൂടി പരീക്ഷണം നടത്തുന്നു. ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലയിലെ ഗ്രാമീണർക്കാണു മുഖം മൂടി വിതരണം ചെയ്യുന്നത്. വനത്തിന് അരികെ താമസിക്കുന്നവർക്ക് ഇത്തരം മുഖംമൂടികൾ വനംവകുപ്പ് നൽകിത്തുടങ്ങി. ഒരുമാസത്തിനിടെ ബന്ദിപ്പൂരിൽ മാത്രം 3 പേരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പലവട്ടം തുടർച്ചയായി പ്രവർത്തനങ്ങൾ നടത്തിയിട്ടും കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തോളം കടുവകളെ പിടികൂടിയിട്ടും കടുവകളെ മേഖലയിൽ കാണുന്നുണ്ടായിരുന്നു.

കൃഷിപ്പണിക്കും കാലികളെ മേയ്ക്കാനും പോകുന്നവർ തലയുടെ പിറകിലാണു മുഖംമൂടി ധരിക്കേണ്ടത്. മനുഷ്യമുഖം കാണുമ്പോൾ ക‌ടുവ ആക്രമണത്തിൽനിന്ന് പിന്തിരിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ബംഗാളിലെ സുന്ദർബൻസ് തീരത്ത് സമാന പരീക്ഷണം വിജയിച്ചിരുന്നു. ആദ്യഘട്ടത്തിൽ 10,000 മുഖംമൂടികളാണു തയാറാക്കിയത്. കടുവകൾ സാധാരണയായി പിന്നിൽനിന്ന് ആക്രമിക്കുന്നുവെന്ന തത്വമാണ് പിന്നിൽ മാസ്ക് വയ്ക്കുക എന്നതിന്റെ പിന്നിലെ കാരണം.

മുഖംമൂടി വിതരണം മാത്രമല്ല, കടുവ പോലുള്ള വന്യമൃഗങ്ങളുമായി ഒരു ഏറ്റുമുട്ടൽ സാഹചര്യം ഉണ്ടായാൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന കാര്യങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്വയം സംരക്ഷണം എങ്ങനെ വേണമെന്നതിന്റെ ചെറിയ ചിത്രീകരണവും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.