ന്യൂയോർക്ക്∙ ക്ലൗഡ് നെറ്റ്‌വർക്കായ ക്ലൗഡ്ഫ്ലെയറിലുണ്ടായ സാങ്കേതിക തടസ്സത്തെ തുടർന്ന് എക്സ്, ചാറ്റ് ജിപിടി അടക്കമുള്ള നിരവധി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആറുമണിയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ വിവിധ സേവനങ്ങള്‍ നൽകുന്നത് ക്ലൗഡ്‌ഫ്ലെയറാണ്. വെബ്സൈറ്റുകൾക്ക് സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കുക വഴി വേഗത്തിലുള്ള പ്രവർത്തനത്തിനും ക്ലൗഡ്ഫ്ലെയർ സഹായിക്കും.
ചാറ്റ് ജിപിടിയിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി ഓപ്പണ്‍ എഐ വ്യക്തമാക്കി. ക്ലൗഡ്‌ഫ്ലെയറുമായി ബന്ധപ്പെട്ടതാണോ പ്രശ്നമെന്ന് കമ്പനി സ്ഥിരീകരിച്ചില്ല. സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നതായി ഉപഭോക്താക്കൾ പറയുന്നു. എക്സിൽ പോസ്റ്റുകളിടുന്നതിനും പലർക്കും തടസ്സം നേരിട്ടു. പ്രവർത്തനം തടസ്സപ്പെട്ട പ്ലാറ്റ്ഫോമുകൾ: എക്സ്, സ്പോട്ടിഫൈ, ചാറ്റ് ജിപിടി, പെർപ്ലെക്സിറ്റി, ജെമിനി, ലെറ്റർബോർഡ്, ബെറ്റ് 365, കാൻവ.














