വാഷിങ്ടൻ∙ നോർത്ത് കാരോലൈനയിൽ കൂട്ടക്കൊലപാതകം നടത്താൻ പദ്ധതിയിട്ട് പിടിയിലായ യുവാവ് മൂന്ന് വർഷം മുൻപേ എഫ്ബിഐയുടെ നോട്ടപ്പുള്ളി. പിടിയിലായ 18കാരൻ ക്രിസ്റ്റ്യൻ സ്റ്റർഡിവാന്റിനെയാണ് ഐഎസ് അനുകൂല നടപടികളുടെ പേരിൽ എഫ്ബിഐ നിരീക്ഷിച്ചിരുന്നത്. 15–ാം വയസ് മുതൽ ഇയാൾ എഫ്ബിഐയുെട നിരീക്ഷണത്തിലായിരുന്നു. യൂറോപ്പിലെ ഒരു ഐഎസ് അംഗത്തെ യുവാവ് ബന്ധപ്പെട്ടിരുന്നുവെന്നതും കറുത്ത വസ്ത്രം ധരിച്ച് കത്തിയുമായി അയൽക്കാരനെ ആക്രമിക്കാൻ ഇയാൾക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതായാണ് വിവരം.
ക്രിസ്റ്റ്യൻ സ്റ്റർഡിവന്റിന്റെ വീട്ടിൽ പരിശോധന നടത്തിയ എഫ്ബിഐ ഏജന്റുമാർ ‘ന്യൂ ഇയർ അറ്റാക്ക് 2026’ എന്ന പേരിലുള്ള കൈയ്യെഴുത്ത് രേഖ കണ്ടെത്തിയിരുന്നു. 20 പേരെ വരെ കുത്തിക്കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് അതിൽ പറയുന്നുണ്ട്. ഡിസംബർ 12ന്, സ്റ്റർഡിവന്റ് ഐഎസ് അംഗങ്ങള്‍ക്ക് സന്ദേശങ്ങൾ അയക്കുകയും ‘ഉടൻ തന്നെ ജിഹാദ് ചെയ്യുമെന്ന്’ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൈനികൻ’ എന്നാണ് യുവാവ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവാവ് ജോലി ചെയ്തിരുന്ന ബർഗർ കിങ് ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റിൽ ആക്രമണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണു സൂചന.
എഫ്ബിഐ പരിശോധനയിൽ യുവാവിന്റെ കട്ടിലിനടിയിൽ രണ്ട് കത്തികൾ, രണ്ട് ചുറ്റികകൾ എന്നിവയുൾപ്പെടെ ആയുധങ്ങള്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമുസ്‌ലിംകൾ, എൽജിബിടിക്യു വ്യക്തികൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ തുടങ്ങിയ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള നിർദേശങ്ങളടങ്ങിയ കുറിപ്പുകളും പരിശോധനയിൽ കണ്ടെത്തി. ഐഎസുമായി ബന്ധപ്പെട്ട ടിക് ടോക്ക് വിഡിയോകളും യുവാവ് നിർമിച്ചു. ഇതെല്ലാം പ്രതിയുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നുവെന്നാണ് എഫ്ബിഐയുടെ നിഗമനം.














