മുംബൈ ∙ ബിസിനസുകാരന് അനുകൂലവിധി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അജാസുദീൻ എസ്.കാസിക്കായി താൻ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നെന്ന് അറസ്റ്റിലായ ക്ലാർക്ക് ചന്ദ്രകാന്ത് വാസു പൊലീസിനു മൊഴി നൽകി. മസ്ഗാവിലെ സെഷൻസ് കോടതി ജഡ്ജിയായ അജാസുദീൻ ഒളിവിലാണ്. ക്ലാർക്കിന്റെ ജാമ്യഹർജി കോടതി ഇന്നു പരിഗണിക്കും.
ഭാര്യയുടെ പേരിലുള്ള ഭൂമി ചിലർ തട്ടിയെടുത്തെന്ന് ആരോപിച്ച് പരാതി നൽകിയ ബിസിനസുകാരന് അനുകൂലവിധി വാഗ്ദാനം ചെയ്ത ചന്ദ്രകാന്ത് 25 ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപ ജഡ്ജിക്കു നൽകാനാണെന്നും പരാതിക്കാരനോട് പറഞ്ഞിരുന്നു. വിലപേശലിനൊടുവിൽ 15 ലക്ഷത്തിൽ ഇടപാട് ഉറപ്പിച്ചു. അതിനിടെ, ബിസിനസുകാരൻ മുംബൈ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിനു (എസിബി) പരാതി നൽകി. ഈ മാസം 10ന് ചെമ്പൂരിലെ കഫേയിൽ തുക കൈമാറവേയാണു ക്ലാർക്കിനെ എസിബി പിടികൂടിയത്.
ഒരു വർഷത്തോളമായി ജഡ്ജിയും ക്ലാർക്കും തമ്മിൽ പരിചയമുണ്ട്. കുടുംബപ്രശ്നത്തിൽ സഹായിയായി എത്തിയതോടെയാണു ക്ലാർക്ക് ജഡ്ജിയുമായി അടുത്തത്. പിന്നീട് വാട്സാപ്പിലൂടെ ബന്ധം തുടർന്നു. അറസ്റ്റിനു പിന്നാലെ എസിബിയുടെ നിർദേശമനുസരിച്ച് ജഡ്ജിയെ ഫോണിൽ വിളിച്ച ക്ലാർക്കിനോട് കൈക്കൂലി വാങ്ങി വീട്ടിലെത്തിക്കാൻ അദ്ദേഹം പറഞ്ഞിരുന്നു. അതിനുപിന്നാലെ അന്വേഷണസംഘം ജഡ്ജിയുടെ വസതിയിൽ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
കൈക്കൂലിയുടെ ഭാഗമായവരുടെ ഫോൺ സംഭാഷണ റിക്കോർഡുകൾ, വിഡിയോ റിക്കോർഡുകൾ എന്നിവ ശേഖരിച്ച എസിബി, കൈക്കൂലിയായി നൽകിയ പണം, ക്ലാർക്കിന്റെ ഫോൺ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.














