ബെംഗളൂരു∙ കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ മോഷ്ടിച്ചു. ജയനഗറിലാണ് മോഷണം നടന്നത്.ജെ.പി നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽനിന്ന് പണം കൊണ്ടുവന്ന വാനിനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞു. കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം പണത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയശേഷം പണം കാറിലേക്കു മാറ്റി. പിന്നീട് സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഘത്തിനായി തിരച്ചിൽ ആരംഭിച്ചു.ആസൂത്രിതമായ കവർച്ചയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ചാര നിറത്തിലുള്ള കാറിലാണ് സംഘം എത്തിയത്. വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.














