National

കുളിക്കുമ്പോള്‍ കരുതല്‍ വേണം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക

ബംഗളൂരു: അമീബിക് മസ്തിഷക ജ്വരത്തിന്റ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിര്‍ദേശം. മൂക്കിലൂടെ നേഗ്ലെറിയ ഫൗലേറി തലച്ചോറിലേക്ക് പ്രവേശിച്ചാല്‍ ഗുരുതരവും മാരകവുമായ രോഗത്തിന് കാരണമാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.മലിനമായ ജലാശയങ്ങളില്‍ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളായ തീവ്രമായ തലവേദന, പനി,ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.