ബെംഗളൂരു∙ നഗരത്തെ ഞെട്ടിച്ച എടിഎം കവർച്ചക്കു പിന്നാലെ കർണാടകയിൽ വീണ്ടും വൻ കവർച്ച. കർണാടക ബിദറിലാണ് കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്. ബുധനാഴ്ച പുലർച്ചെ ഹൈദരാബാദ് – മുംബൈ ദേശീയപാത 65ൽ ആയിരുന്നു മോഷണം. ഓടിക്കൊണ്ടിരുന്ന കാർ പഞ്ചറാക്കിയ ശേഷമായിരുന്നു മോഷ്ടാക്കൾ കവർച്ച നടത്തിയത്. 24 ലക്ഷം രൂപയുടെ സ്വർണത്തിന് പുറമെ 1.60 ലക്ഷം രൂപയും കാറിൽ നിന്ന് സംഘം മോഷ്ടിച്ചു.
മഹാരാഷ്ട്രയിലെ യെത്ഗാവിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിവാഹസത്കാരത്തിന് പങ്കെടുക്കാനാണ് സംഘം യാത്ര പുറപ്പെട്ടത്. പുലർച്ചെ 5 മണിയോടെ കാർ വളഞ്ഞ എട്ടംഗ സംഘം അള്ള് എറിഞ്ഞ ശേഷം കാർ പഞ്ചറാക്കുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി എത്തി ആക്രമിച്ചു. സംഭവത്തിൽ ബസവകല്യാൺ നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














