ബെംഗളൂരു∙ എടിഎം കൗണ്ടറിലേക്കു പണവുമായി പോയ വാൻ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന തടഞ്ഞുനിർത്തി 7 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ വഴിത്തിരിവ്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾ ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്. അറസ്റ്റിലായ രണ്ടാമത്തെയാൾ കേരള സ്വദേശിയും ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണ്. ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോൺസ്റ്റബിളിനെ കസ്റ്റഡിയിലെടുത്തത്.കോൺസ്റ്റബിളും മുൻ ജീവനക്കാരനും കഴിഞ്ഞ ആറു മാസമായി സൗഹൃദത്തിലായിരുന്നെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു. കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവറിനു കീഴിൽ ആ സമയം പ്രവർത്തിച്ച മൊബൈൽ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് കോൺസ്റ്റബിളും മുൻ ജീവനക്കാരനും തമ്മിലുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർക്ക് വെളിപ്പെട്ടത്. കവർച്ച നടന്ന സമയത്ത് ഇരുവരും തുടർച്ചയായി വിളിച്ചിരുന്നതായി സിഡിആർ (കോൾ ഡേറ്റ റെക്കോർഡ്) പരിശോധനയിൽ കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.19ന് ഉച്ചയ്ക്കു ജയനഗർ അശോക പില്ലറിനു സമീപം കാറിലെത്തിയ സംഘം രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണു വാഹനം തടഞ്ഞത്. തുടർന്നു ഭീഷണിപ്പെടുത്തി ഗൺമാനെയും ജീവനക്കാരെയും പണമടങ്ങിയ പെട്ടികളുമായി കാറിൽ കയറ്റി. ഡയറി സർക്കിൾ ഭാഗത്തേക്കു പോയി മേൽപാലത്തിൽ ജീവനക്കാരെ ഇറക്കിവിട്ടു പണവുമായി മുങ്ങുകയായിരുന്നു. ജെപി നഗറിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിൽ നിന്നു പണവുമായി പോയ വാഹനമാണു കൊള്ളയടിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.














