ന്യൂഡൽഹി∙ ദുബായിലെ എയർഷോയ്ക്കിടെ തേജസ് വിമാനം തകർന്ന് വിങ് കമാൻഡർ നമാംശ് സ്യാൽ അപകടത്തിൽ മരിച്ച വിവരം പിതാവ് അറിയുന്നത് യുട്യൂബിലൂടെ. എയർ ഷോയിലെ പ്രകടനം ടിവി ചാനലിലോ യുട്യൂബിലോ കാണാൻ തലേന്ന് ഫോണിൽ സംസാരിച്ചപ്പോൾ മകൻ ആവശ്യപ്പെട്ടിരുന്നതായി പിതാവ് ജഗൻനാഥ് സ്യാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മകൻ ആവശ്യപ്പെട്ടത് അനുസരിച്ച് യുട്യൂബിൽ വിഡിയോ തിരയുമ്പോഴാണ് വിമാന അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ, വിങ് കമാൻഡർ കൂടിയായ മരുമകളെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയാൻ തീരുമാനിച്ചു. നിമിഷങ്ങൾക്കുള്ളിൽ വ്യോമസേനാ ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇതോടെ മകന് എന്തോ സംഭവിച്ചതായി മനസ്സിലായെന്നും ജഗന്നാഥ് സ്യാൽ മാധ്യമങ്ങളോട് പറഞ്ഞു.
ഹിമാചലിലെ കാംഗ്ര സ്വദേശിയാണ് നമാംശ്. ഹിമാചൽ പ്രദേശിലെ സൈനിക സ്കൂളിലായിരുന്നു പഠനം. നമാംശ് മികച്ച വിദ്യാർഥിയായിരുന്നെന്നും വലിയ സ്വപ്നങ്ങൾ കണ്ടിരുന്നെന്നും പിതാവ് പറയുന്നു. 2009ൽ വ്യോമസേനയിൽ ചേർന്നു. ഭാര്യ അഫ്സാൻ കൊൽക്കത്തയിൽ പരിശീലനത്തിലായിരുന്നു. മകൾ: ആര്യ (7). രണ്ടാഴ്ച മുൻപാണ് മാതാപിതാക്കൾ നമാംശ് ജോലി ചെയ്യുന്ന കോയമ്പത്തൂരിലെത്തിയത്.
നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലേക്കു കൊണ്ടുപോകും. സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബായിൽ നടന്നത്. ദുബായ് എയർ ഷോയുടെ അവസാന ദിനം ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരൺ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം.














